അരുണിന്റെ നെഞ്ചില്‍ ഉളി കൊണ്ട് കുത്തേറ്റ മുറിവുകള്‍ ; മല്‍പ്പിടുത്തത്തിനിടെ സംഭവിച്ചതോ ?; ദുരൂഹത

രേഷ്മയുടെ കൊലപാതകത്തിലെ പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം

രാജകുമാരി : ഇടുക്കി പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തി. ഇന്‍ക്വസ്റ്റിലാണ് അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തിയത്. അരുണിന്റെ നെഞ്ചിലാണ് രണ്ടു മുറിവുകള്‍. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം.

ഉളി കൊണ്ടാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രേഷ്മയുടെ കൊലപാതകത്തിലെ പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രിയാകും അരുണ്‍ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് കണക്കുകൂട്ടുന്നു.

വണ്ടിത്തറയില്‍ രാജേഷ് -ജെസി ദമ്പതികളുടെ മകള്‍ രേഷ്മ (17)യെ വെള്ളിയാഴ്ചയാണ് പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അര്‍ധ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്ന അരുണ്‍. കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.  രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുള്ള അരുണിന്റെ കുറ്റസമ്മത കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com