രാഹുല്‍ഗാന്ധിക്ക് ബിജെപിയുടെ അതേ ശബ്ദം; പ്രസംഗം റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെ

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും
എകെജി സെന്റര്‍ ഫയല്‍ ചിത്രം
എകെജി സെന്റര്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം: ഐശ്വര്യകേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം. രാഹുലിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയാകാന്‍ ഉത്തേജനം നല്‍കുന്നത്. യുഡിഎഫിന്റെ ജാഥയില്‍ ബിജെപിയ്‌ക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായതായും സിപിഎം പറയുന്നു.

സംസ്ഥാന സര്‍ക്കാരിനെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയി. കള്ളക്കടത്ത് കേസ് സംബസിച്ചും, തൊഴില്‍ പ്രശ്‌നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും. ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്ന വധേരയുടെ ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഓര്‍മ്മയിലുണ്ടായിരിക്കും.

ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതേ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തന്നതു സംബന്ധിച്ച് ശക്തമായ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ മലക്കം മറിച്ചില്‍ ബിജെപിയുമായ രഹസ്യധാരണയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു വെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com