വീണ ജോര്‍ജ് വീണ്ടും മല്‍സരിക്കും, എന്നാല്‍ പ്രതിഭയോ ?

സര്‍ക്കാരിന്റെ വികസന പദ്ധതികളും, ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും വോട്ടായി വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നു
വീണ ജോര്‍ജ്, യു പ്രതിഭ / ഫയല്‍ ചിത്രം
വീണ ജോര്‍ജ്, യു പ്രതിഭ / ഫയല്‍ ചിത്രം

തിരുവനന്തപുരം : പൊതുവെ യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആറന്മുള മണ്ഡലം കഴിഞ്ഞ തവണ ചുവപ്പിച്ച വീണ ജോര്‍ജ് തന്നെയായിരിക്കും ഇത്തവണയും സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരുടെ പക്കല്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ മാധ്യമപ്രവര്‍ത്തകയായ വീണയെ രംഗത്തിറക്കി സിപിഎം നടത്തിയ ചൂതാട്ടം വിജയിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ച വീണ ജോര്‍ജിന് തന്നെയാകും വീണ്ടും അവസരം ലഭിക്കുകയെന്നാണ് സൂചനകള്‍.

സര്‍ക്കാരിന്റെ വികസന പദ്ധതികളും, ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും വോട്ടായി വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയതും കരുത്താകുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. കഴിഞ്ഞതവണ 7561 വോട്ടുകള്‍ക്കാണ് വീണ കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായരെ തോല്‍പ്പിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

മണ്ഡലത്തിലെ ഏഴില്‍ മൂന്നു പഞ്ചായത്തുകളില്‍ വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചു. ആറന്മുള, ഇലന്തൂര്‍, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയിരുന്നു. ഇതെല്ലാം യുഡിഎഫ് ക്യാമ്പിലും പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ നിരവധിയാണ്.

ആലപ്പുഴയിലെ കായംകുളത്ത് നിലവിലെ എംഎല്‍എ യു പ്രതിഭയ്ക്ക് വീണ്ടും അവസരം ലഭിക്കുമോ എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നു. പ്രതിഭയുടേത് മികച്ച പ്രവര്‍ത്തനമാണെന്ന് അഭിപ്രായപ്പെട്ട് മന്ത്രി ജി സുധാകരന്‍ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ എംഎല്‍എയും പ്രദേശത്തെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള ഭിന്നതയാണ്, പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയാകുന്നത്.

2006ലും 2011 ലും മണ്ഡലം ഇടതുപക്ഷത്തോട് ചേര്‍ത്തുപിടിച്ച സി കെ സദാശിവന് പകരമായിട്ടാണ് 2016 ല്‍ യുവനേതാവ് യു പ്രതിഭ മല്‍സരരംഗത്തെത്തുന്നത്. കോണ്‍ഗ്രസിലെ എം ലിജുവിനെ 11857 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് പ്രതിഭ ഇടതുപക്ഷത്തിന്റെ കോട്ട കാത്തു. പ്രതിഭയ്ക്ക് ഒരു ടേം മാതമല്ലേ ആയിട്ടൂള്ളൂ എന്ന സുധാകരന്റെ പ്രസ്താവന, സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നോടിയാണെന്ന് എംഎല്‍എയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ പരാജയപ്പെട്ട ലിജു തന്നെയാകും ഇത്തവണയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com