എല്‍ജിഎസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം, സര്‍ക്കാര്‍ ഉത്തരവിറങ്ങി; സിപിഒക്കാരുടെ ആവശ്യങ്ങള്‍ തള്ളി

ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ്
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചില്ല. റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്നതിനാല്‍ വീണ്ടും നീട്ടാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. കൂടാതെ സിപിഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന വാദം സര്‍ക്കാര്‍ തള്ളുകയും ചെയ്തു. 

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ നാല് ആവശ്യങ്ങളാണ് ഉദ്യോഗസ്ഥരുടെ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. നൈറ്റ് വാച്ചര്‍മാരുടെ ജോലി സമയം എട്ടുമണിക്കൂറാക്കി ചുരുക്കി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം എന്നതാണ് ഒരു ആവശ്യം. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമേയാണ് ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചത്. നിലവില്‍ റാങ്ക് പട്ടികയുടെ കാലാവധി ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ ഉത്തരവില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞ ഉദ്യോഗാര്‍ഥികള്‍ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

1200 ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ 1046 ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന 156 ഒഴിവുകള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് നീക്കിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നതിനാല്‍ ഇനി നീട്ടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com