പിണറായി ശബരിമലയില്‍ പോയി ശരണം വിളിക്കും; നേതാക്കളെ ചുറ്റുന്നവര്‍ക്ക് സീറ്റ് നല്‍കിയാല്‍ എല്ലാം പഴയപടി; കെ മുരളീധരന്‍

നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാന്‍ കഴിയും
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം


കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണം തുടരാന്‍ പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്ന് കെ.മുരളീധരന്‍ എംപി. നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാന്‍ കഴിയും. സ്ഥാനാര്‍ഥികളെ  പരിഗണിക്കുമ്പോള്‍ യോഗ്യത പരിഗണിച്ച് വേണം സ്ഥാനാര്‍ഥികളാക്കാന്‍. അല്ലാതെ നേതാക്കളെ  ചുറ്റുന്നവര്‍ക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ എല്ലാം പഴയപടി പോലെ തന്നെയാവുമെന്നും മുരളീധരന്‍ പറഞ്ഞു.

കെ.കരുണാകരനൊപ്പം നില്‍ക്കുന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്പ്രദായം  പാര്‍ട്ടിയില്‍ ഉണ്ട്. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റുള്ളത്. നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്നു. പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

നേതാക്കള്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പരിപാടികള്‍ക്ക് പോവുമ്പോള്‍ പലയിടങ്ങളിലും സ്റ്റേജില്‍ റിസര്‍വ്  ചെയ്ത സീറ്റില്‍ പോലും മറ്റുള്ളവര്‍ കയറിയിരിക്കുന്ന അവസ്ഥയാണുള്ളത്. എം.പിയായിട്ടും പാര്‍ട്ടി സ്ഥാനത്തിരിക്കുമ്പോഴും പോലും ഇതാണ് അവസ്ഥ. ഇനി ഇതൊക്കെ ഇല്ലതായാല്‍  എന്തായിരിക്കും സ്ഥിതിയെന്നും മുരളീധരന്‍ ചോദിച്ചു. 

ഗണപതിയോടും സുബ്രഹ്മണ്യനോടും ലോകം ചുറ്റി വന്നാല്‍ മാമ്പഴം തരാമെന്ന് പറഞ്ഞ്  പന്തയം വെച്ച കഥയുണ്ട് പുരാണത്തില്‍. സുബ്രഹ്മണ്യന്‍ ലോകമെല്ലാം ചുറ്റിവന്നു. പക്ഷെ തന്റെ മാതാപിതാക്കളാണ് ഈ ലോകമെന്നും അവരെ മൂന്ന് തവണ വലം വെച്ചാല്‍ ലോകം ചുറ്റിയ പോലെ ആയെന്നും പറഞ്ഞ് സുബ്രഹ്മണ്യന്‍ എത്തുന്നതിന് മുന്നെ മാമ്പഴമെല്ലാം ഗണപതി കരസ്ഥമാക്കി. അതുപോലെയാണ് നമ്മുടെ  പാര്‍ട്ടിയുടെ അവസ്ഥ. പണിയെടുക്കുന്നവര്‍ക്ക്  അംഗീകാരമില്ല. ഇത് മാറണമെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com