രാജ്യസഭാ സീറ്റ് ലീഗിനോ?; പിന്നെയും മെലിയാന്‍ പോകുന്നോ കേരളത്തിലെ കോണ്‍ഗ്രസ്?

യുഡിഎഫിലെ പ്രധാന കക്ഷി ഇങ്ങനെ വിട്ടുവീഴ്ച ചെയ്തു മെലിഞ്ഞാല്‍ ഒടുവില്‍ കേരളത്തില്‍ നിന്നു രാജ്യസഭയില്‍ കോണ്‍ഗ്രസുകാര്‍തന്നെ ഇല്ലാതാകും
മുസ്‌ലിം ലീഗിനു സീറ്റുദാനം ചെയ്താണ് കോണ്‍ഗ്രസ് ഇത്തവണ ഉദാരത കാണിക്കുന്നത്...
മുസ്‌ലിം ലീഗിനു സീറ്റുദാനം ചെയ്താണ് കോണ്‍ഗ്രസ് ഇത്തവണ ഉദാരത കാണിക്കുന്നത്...

കോണ്‍ഗ്രസിനു ലഭിക്കേണ്ട രാജ്യസഭാ സീറ്റ് വീണ്ടും ഘടകകക്ഷിക്ക്. യുഡിഎഫിലെ പ്രധാന കക്ഷി ഇങ്ങനെ വിട്ടുവീഴ്ച ചെയ്തു മെലിഞ്ഞാല്‍ ഒടുവില്‍ കേരളത്തില്‍ നിന്നു രാജ്യസഭയില്‍ കോണ്‍ഗ്രസുകാര്‍തന്നെ ഇല്ലാതാകും എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പരാതിയും പരിഭവവും. പക്ഷേ, തീരുമാനങ്ങളെടുക്കുന്ന പ്രധാന നേതാക്കള്‍ അതു വകവയ്ക്കുന്നില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടി സീറ്റ് താലത്തില്‍വച്ചുകൊടുക്കുകയാണ്; അതിനു നിസ്സഹായനോ നിസ്സംഗനോ ആയി ഒപ്പുചാര്‍ത്തുന്ന സ്ഥിതിയിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹമൊന്നു കുതറിയെങ്കില്‍, ഒന്ന് ഒച്ചു വച്ചെങ്കില്‍ ഒരു പക്ഷേ, ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു കരുതുന്നവരേറെ.

മുസ്‌ലിം ലീഗിനു സീറ്റുദാനം ചെയ്താണ് കോണ്‍ഗ്രസ് ഇത്തവണ ഉദാരത കാണിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പി ജെ കുര്യന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒഴിവ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിനാണു നല്‍കിയത്. അന്നത്തെ കെപിസിസി പ്രസിഡന്റ് എം എം ഹസനും രമേശ് ചെന്നിത്തലയും കെ എം മാണിയെ സന്ദര്‍ശിച്ച പിന്നാലെയാണ് തീരുമാനമുണ്ടായത്. നേരത്തെ ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും കളമൊരുക്കി വച്ചിരുന്നു. ചില്ലറ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായെങ്കിലും കേരള കോണ്‍ഗ്രസിനെ തിരികെ യുഡിഎഫില്‍ എത്തിക്കാനുള്ള വിട്ടുവീഴ്ചയായാണ് അത് നേതൃത്വം വ്യാഖ്യാനിച്ചത്. അങ്ങനെയാണ് ജോസ് കെ മാണി ലോക്‌സഭാംഗത്വം രാജിവച്ച് രാജ്യസഭയിലേക്കു പോയത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും/ഫയല്‍ ചിത്രം
 

പി ജെ കുര്യന്‍ വീണ്ടും രാജ്യസഭയിലേക്ക് പോകുന്നതു തടയുക, അതല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന് ആ സീറ്റ് കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാണ് അന്ന് കന്റോണ്‍മെന്റ് ഹൗസിന്റെയും ഇന്ദിരാഭവന്റെയും ജഗതിയിലെ പുതുപ്പള്ളി ഭവനത്തിന്റെയും പിന്നാമ്പുറത്തു കേട്ടത്. കുര്യന് അല്ലെങ്കില്‍ ഷാനിമോള്‍ക്ക് എന്ന നിലയില്‍ നിന്നാണ് പൊടുന്നനേ ജോസിനു കൊടുത്തത്. എന്നിട്ടെന്തായി? രാജ്യസഭാ സീറ്റില്‍ ത്യാഗം ചെയ്തതിന്റെ ഫലമൊട്ട് ഉണ്ടായില്ലതാനും. മാണി പോയ പിന്നാലെ ജോസും കൂട്ടരും എല്‍ഡിഎഫിലേക്കു പോയി. കോണ്‍ഗ്രസില്‍ നിന്നു ദാനം കിട്ടിയ സീറ്റ് പുല്ലുപോലെ ജോസ് കെ മാണി രാജിവച്ചു എന്നതുശരിയാണ്. പക്ഷേ, അതുകൊണ്ടെന്താ കാര്യം. അത് തിരിച്ചു കോണ്‍ഗ്രസ്സിനു കിട്ടില്ലല്ലോ. എല്‍ഡിഎഫ് ആളെ നിര്‍ത്തി ജയിപ്പിക്കും.

അതിനു പുറമേ, അടുത്ത ഏപ്രില്‍ 21നു കേരളത്തില്‍ നിന്ന് മൂന്നു രാജ്യസഭാ സീറ്റുകളാണ് ഒഴിയുന്നത്. പി വി അബ്ദുല്‍ വഹാബ് ( മുസ്‌ലിം ലീഗ്), വയലാര്‍ രവി ( കോണ്‍ഗ്രസ്), കെ കെ രാഗേഷ് ( സിപിഎം). തെരഞ്ഞെടുപ്പ് മാര്‍ച്ചിലുണ്ടാകും. എംഎല്‍എമാരാണല്ലോ രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. ആകെ എംഎല്‍എമാരുടെ നാലിലൊന്നിന്റെ കൂടെ ഒരംഗത്തിന്റെ കൂടെ വോട്ടുകളാണ് ഒരാളെ ജയിപ്പിക്കാന്‍ വേണ്ടത്. അതായത് 140 അംഗ നിയമസഭയില്‍ 36 പേരുടെ പിന്തുണ. നിയമസഭയിലെ ഇപ്പോഴത്തെ അംഗബലമനുസരിച്ച് രണ്ടുപേരെ എല്‍ഡിഎഫിനും ഒരാളെ യുഡിഎഫിനും ജയിപ്പിക്കാനാകും. 

ഇത്തരം സാഹചര്യങ്ങളില്‍ പ്രധാന കക്ഷിയില്‍ നിന്നൊരാളെ ജയിപ്പിച്ചു ഡല്‍ഹിക്ക് വിടുകയാണു ചെയ്യുക. മാത്രമല്ല കേരളത്തില്‍ നിന്ന് ഒമ്പതംഗങ്ങളുള്ള രാജ്യസഭയില്‍ കോണ്‍ഗ്രസിനു രണ്ടു പേര്‍ മാത്രമാണുള്ളത്. ഇപ്പോഴത്തെ ഒഴിവു കൂടി മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്താല്‍ അത് ഒരൊറ്റയാളായി ചുരുങ്ങും: എ കെ ആന്റണി മാത്രം. മറ്റുള്ളവര്‍: കെ സോമപ്രസാദ്, എളമരം കരീം ( സിപിഎം), എം വി ശ്രേയാംസ് കുമാര്‍ ( എല്‍ജെഡി), ബിനോയ് വിശ്വം ( സിപിഐ). ജോസ് കെ മാണി രാജിവച്ച ഒഴിവ് എല്‍ഡിഎഫ് അവര്‍ക്കുതന്നെ കൊടുക്കുന്നത്. 

സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ഓരോരുത്തര്‍ വീതവും വരും. അങ്ങനെ ഒമ്പതു തികയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മൂന്നിലൊന്നംഗങ്ങള്‍ കോണ്‍ഗ്രസുകാരാകേണ്ടതാണ്. അതാണു കളഞ്ഞുകുളിച്ച് ഒന്നിലെത്തിക്കുന്നത്. മുസ്‌ലിം ലീഗിനു സീറ്റ് വേണമെന്ന് അവരങ്ങു വാശിപിടിക്കുകയാണ്. പി വി അബ്ദുല്‍ വഹാബായിരിക്കില്ല സ്ഥാനാര്‍ത്ഥി എന്നും വബാഹ് നിയമസഭയിലേക്കു മല്‍സരിക്കുമെന്നും പറയുന്നു. അതല്ല വഹാബ് തന്നെയാകുമോ അതോ കെപിഎ മജീദോ മറ്റോ ഡല്‍ഹിക്കു പോകുമോ എന്നും അറിയാനിരിക്കുന്നതേയുള്ളു. 

രാജ്യസഭാ സീറ്റിലെ 'അവകാശവാദം' വിട്ടുകൊടുക്കണമെങ്കില്‍ കൂടുതല്‍ നിയമസഭാ സീറ്റുകള്‍ വേണം എന്നൊരു വ്യവസ്ഥ ലീഗ് വയ്ക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഈ അടിയൊഴുക്കുകള്‍ പുറത്തുവരാന്‍ പോകുന്നതേയുള്ളു. സംഗതി എന്തായാലും കോണ്‍ഗ്രസ്സിനായിരിക്കും നഷ്ടം. ഒന്നുകില്‍ രാജ്യസഭയില്‍ വിട്ടുവീഴ്ച ചെയ്യണം; അല്ലെങ്കില്‍ നിയമസഭയില്‍. ജീവന്മരണ പോരാട്ടം എന്നു കോണ്‍ഗ്രസ്സുകാര്‍തന്നെ വിശേഷിപ്പിക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് കോണ്‍ഗ്രസിനു പ്രധാനമാണ്. ഏതെങ്കിലുമൊന്നില്‍ വിട്ടുവീഴ്ച ചെയ്യാതെ പറ്റില്ലത്രേ. രണ്ടിലും 'നോ' പറയാനുള്ള തന്റേടവും കോണ്‍ഗ്രസിന് ഇല്ല.

ദുര്‍ബലമായി മാറിയ യുഡിഎഫിലെ രണ്ടാം കക്ഷിയുടെ വിലപേശലുകള്‍ക്ക് നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ് ഒന്നാംകക്ഷി. അന്ന് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തില്ലേ, പിന്നെ ഇന്നു ഞങ്ങള്‍ക്കു തന്നാലെന്താ എന്ന ചോദ്യം ചോദിക്കാതെ ചോദിക്കുന്നുമുണ്ട് മുസ്‌ലിം ലീഗ്. മാണി ഗ്രുപ്പിനു രാജ്യസഭാ കൊടിപ്പിക്കാന്‍ സ്വയംപ്രഖ്യാപിത മധ്യസ്ഥരായ അതേ മുസ്‌ലിം ലീഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com