ശര്‍മ്മ അല്ലാതെ ആര് ?; വൈപ്പിനില്‍ ഒരുങ്ങുന്നത് ഏഴാമങ്കം

സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് തന്നെ വൈപ്പിനില്‍ സജീവമാണ് ശര്‍മ്മ
എസ് ശര്‍മ്മ / ഫയല്‍ ചിത്രം
എസ് ശര്‍മ്മ / ഫയല്‍ ചിത്രം


കൊച്ചി : എറണാകുളം ജില്ലയില്‍ ഇടതുപക്ഷം ശക്തമായ മണ്ഡലമാണ് വൈപ്പിന്‍. 2011 ല്‍ രൂപീകൃതമായ വൈപ്പിന്‍ മണ്ഡലത്തില്‍ ഇതുവരെ സിപിഎമ്മാണ് വിജയക്കൊടി നാട്ടിയത്. 2008 ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെയാണ് വൈപ്പിന്‍ മണ്ഡലം നിലവില്‍ വന്നത്. 2011 ലും 2016 ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എസ് ശര്‍മ്മയാണ് വിജയിച്ചത്. ഇത്തവണയും വിജയസാധ്യത കണക്കിലെടുത്ത് ശര്‍മ്മയെ തന്നെ മല്‍സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശര്‍മ്മയെ ഒഴിവാക്കിയാല്‍ പകരം ആര് എന്നതിലും പാര്‍ട്ടിക്കകത്ത് വ്യക്തത വന്നിട്ടില്ല. 

കണയന്നൂര്‍ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് വൈപ്പിന്‍ നിയമസഭാമണ്ഡലം. 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ കടുത്ത പോരാട്ടമായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് തറയിലിനെ 5242 വോട്ടുകള്‍ക്കാണ് ശര്‍മ്മ പരാജയപ്പെടുത്തിയത്. എന്നാല്‍ 2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശര്‍മ്മ ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന്റെ കെ ആര്‍ സുഭാഷിനെ 19353 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശര്‍മ്മ തോല്‍പ്പിച്ചത്. 

സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് തന്നെ വൈപ്പിനില്‍ സജീവമാണ് ശര്‍മ്മ. അതേസമയം വീണ്ടും മല്‍സരിക്കുമോ എന്ന ചോദ്യങ്ങളോട്, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് ശര്‍മ്മയുടെ പ്രതികരണം. മണ്ഡലത്തില്‍ സജീവമായി നിറഞ്ഞുനില്‍ക്കുന്ന ശര്‍മ്മ വീണ്ടും മല്‍സരിച്ചേക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ടേം പരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ശര്‍മ്മ മാറാനും സാധ്യതയുണ്ട്. വൈപ്പിനില്‍ ശര്‍മ്മ തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിനോടകം ആറ് തവണ ശര്‍മ്മ നിയമസഭാ അംഗമായിട്ടുണ്ട്. ഇതില്‍ രണ്ട് തവണ മന്ത്രിയുമായി. 

ശർമ്മ, എപി വർക്കി, എംഎ ബേബി എന്നിവർ ചെ​ഗുവേരയുടെ മകൾ അലൈഡക്കൊപ്പം
ശർമ്മ, എപി വർക്കി, എംഎ ബേബി എന്നിവർ ചെ​ഗുവേരയുടെ മകൾ അലൈഡക്കൊപ്പം

1972 ല്‍ എസ്എഫ്‌ഐയിലൂടെയാണ് ശര്‍മ്മ പൊതു രംഗത്തേക്ക് പ്രവേശിക്കുന്നത്. ഡിവൈഎഫ്‌ഐയിലും അതിന്റെ പൂര്‍വ രൂപമായ കെഎസ് വൈ എഫിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ലെ സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ 693 കിലോമീറ്ററില്‍ ലക്ഷക്കണക്കിനുപേര്‍ അണിമുറിയാതെ കൈകോര്‍ത്ത് മനുഷ്യചങ്ങല തീര്‍ത്തത് ലോകചരിത്രത്തിലെ തന്നെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു. 1973 ല്‍ ശര്‍മ്മ സിപിഎം അംഗമായി. 1996 ല്‍ പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയതിനെ തുടര്‍ന്ന് ശര്‍മ്മ, വൈദ്യുത മന്ത്രിയായി. പിന്നീട് 2006 ലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും ശര്‍മ്മ ഫിഷറീസ്, രജിസ്‌ട്രേഷന്‍ മന്ത്രിയായിരുന്നു. എസ് ശര്‍മ്മ ഒഴിവാകുകയാണെങ്കില്‍ വൈപ്പിനിൽ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിയുടെ പേരാണ് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com