വി എം സുധീരന്‍ മലബാറില്‍ മല്‍സരിക്കും ? ; ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം

സുധീരനുമായി എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും കൂടിക്കാഴ്ച നടത്തി 
വി എം സുധീരന്‍ / ഫയല്‍ ചിത്രം
വി എം സുധീരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : മലബാറിലെ ഒരു സീറ്റില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. സോണിയാഗാന്ധിയുടെ താല്‍പ്പര്യപ്രകാരമാണ് ഇരുവരും സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുധീരനു മേല്‍ സമ്മര്‍ദ്ദം ശക്തമായത്. നിലവില്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ ഈഴവ സമുദായത്തില്‍പ്പെട്ട എംഎല്‍എമാരില്ല. അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് നിയമസഭയില്‍ ഈഴവപ്രാതിനിധ്യം ഇല്ലാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പ് മല്‍സരരംഗത്തു നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് വി എം സുധീരന്‍. 2004 ല്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിലെ മനോജ് കുരിശിങ്കലിനോട് പരാജയപ്പെട്ടതിന് ശേഷം സുധീരന്‍ മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയ പ്രവര്‍ത്തനം പിന്തുടരുന്ന വ്യക്തികളില്‍ ഒരാള്‍ എന്ന പ്രതിച്ഛായയാണ് സുധീരന് രാഷ്ട്രീയകേരളത്തിലുള്ളത്. 

കെഎസ് യുവിലൂടെ രാഷ്ട്രീയപ്രവേശം

തൃശൂര്‍ ജില്ലയില്‍ അന്തിക്കാട് പഞ്ചായത്തില്‍ പടിയം ഗ്രാമത്തില്‍ വി എസ് മാമയുടേയും ഗിരിജയുടേയും മകനായി 1948 ലാണ് സുധീരന്റെ ജനനം. കെ എസ് യുവിലൂടെയാണ് സുധീരന്‍ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കുന്നത്. 1971-1973 കാലഘട്ടത്തില്‍ കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1975 മുതല്‍ 1977 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, 1977ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

1977 ല്‍ ആലപ്പുഴയില്‍ നിന്ന് സുധീരന്‍ ആദ്യമായി പാര്‍ലമെന്റിലെത്തി. 1980, 1982, 1987, 1991 വര്‍ഷങ്ങളില്‍  തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. 1985 മുതല്‍ 1987 വരെ നിയമസഭാ സ്പീക്കറായി. എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 1996, 1998, 1999 വര്‍ഷങ്ങളില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2014 മുതല്‍ 2017 വരെ കെപിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com