സംസ്ഥാനത്ത് നാലു ലക്ഷം കോവിഡ് വാക്‌സിന്‍ ഇന്നെത്തും ; വയോജനങ്ങളുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2021 07:05 AM |
Last Updated: 26th February 2021 07:05 AM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് നാലു ലക്ഷം കോവിഡ് വാക്‌സിന്‍ ഇന്നെത്തും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുമാണ് എത്തുക.
കേന്ദ്രമാര്‍ഗനിര്‍ദേശം വരുന്നതനുസരിച്ച് 60 വയസ്സിന് മുകളിലുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60ന് മുകളിലുള്ള 40 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രം ഒരുക്കും. 300 സ്വകാര്യ ആശുപത്രിയിലും സൗകര്യം ഒരുക്കുന്നുണ്ട്.
വാക്‌സിനേഷന്‍ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ വയോജനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
രജിസ്റ്റര്‍ ചെയ്തിട്ട് വാക്‌സിന്‍ എടുക്കാനാകാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കണം. 611 വാക്‌സിനേഷന്‍ കേന്ദ്രമാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്.