'യോഗി ആദിത്യനാഥിന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ പിണറായി വിജയനുള്ളൂ' : കെ സുരേന്ദ്രന്‍

സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം / ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം / ഫെയ്‌സ്ബുക്ക്‌

മലപ്പുറം : യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വികസനത്തിന്റെ കാര്യത്തിലും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും യോഗി ആദിത്യനാഥിന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ പിണറായി വിജയനുള്ളൂ. യോഗി അധികാരത്തിലിരുന്നുകൊണ്ട് നയാപൈസയുടെ അഴിമതി കാണിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു കള്ളക്കടത്തുകാരും ഉണ്ടായിരുന്നില്ല.

യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്. ജയിലില്‍ കിടക്കുകയല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല. യോഗി ആദിത്യനാഥ് ഇതുവരെ ഒരു അഴിമതി ആരോപണത്തിനും വിധേയനായിട്ടില്ലെന്നും വിജയയാത്രക്കിടെ, മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ വരുമ്പോള്‍ യുപിയിലെ ആരോഗ്യമേഖല തകര്‍ന്നു കിടക്കുകയായിരുന്നു. ചുരുങ്ങിയ കാലയളവിലാണ് അദ്ദേഹം യുപിയെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാക്കി മാറ്റിയത്. മൂന്നു കോടിയല്ല, 24 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. 

യുപിയില്‍ ടെസ്റ്റ് നടക്കുന്നില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും കോവിഡ് ടെസ്റ്റ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ പിണറായിക്ക് മനസ്സിലാകും. കേരളത്തില്‍ എല്ലാം ശരിയാക്കി എന്നു പറഞ്ഞിട്ട് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാതെ, ആന്റിജന്‍ പരിശോധന നടത്തി ആളുകളെ കബളിപ്പിച്ച് ഇവിടെ എല്ലാം ഭദ്രമാണെന്നും, ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നും പ്രചാരണം നടത്തി. 

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ളത് കേരളത്തിലാണ്. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. യുപി മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. കേരളത്തെക്കുറിച്ച് എന്ത് പഠിക്കാനാണ്?. എന്താണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. 250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണോ ?. പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെ ഭള്ള് പറയുന്നതിന് മുമ്പ് സ്വന്തം വീഴ്ച സമ്മതിക്കാന്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com