സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല ; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പൊലീസ് ; ടോള്‍ ബൂത്തുകള്‍ പൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2021 09:01 AM |
Last Updated: 26th February 2021 09:01 AM | A+A A- |
കൊല്ലം ബൈപ്പാസ് / ഫയല്‍
കൊല്ലം : കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പൊലീസ് തടഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ടോള്‍ പിരിവ് തുടങ്ങുന്നതില്‍ സാവകാശം ചോദിച്ചിരുന്നതായും, എന്നാല്‍ കമ്പനി മറുപടിയൊന്നും അറിയിച്ചിരുന്നില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കൊല്ലം ബൈപ്പാസില്‍ കുരീപ്പുഴ ടോള്‍ പ്ലാസ ഇന്നുരാവിലെ എട്ടുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങാനാണ് കരാര്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം കമ്പനി ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിച്ചില്ല. പകരം വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്.
ടോള്‍ പിരിവിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. ടോള്‍ പിരിവിന് അനുമതി നല്‍കിക്കൊണ്ട് ജനുവരി ആദ്യം കേന്ദ്ര ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിവിനെ എതിര്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു. എന്നാല്‍ അധികൃതര്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.