ഡിജിറ്റല്‍ കല്യാണം തല്‍ക്കാലം നടക്കില്ല ; നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

സ്‌പെഷല്‍ മാര്യേജ് നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായ വാക്കുകളിലൂടെ നിര്‍വചിക്കപ്പെട്ടതാണെന്ന് ഹൈക്കോടതി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയില്‍ ഇളവുനല്‍കാനോ ഡിജിറ്റല്‍ വിവാഹത്തിന് അനുമതി നല്‍കാനോ കഴിയില്ലെന്ന് ഹൈക്കോടതി. നോട്ടീസ് കാലാവധി പൂര്‍ത്തിയാകും മുമ്പ് വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കക്കാട്ടിരി സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്. 

ജനുവരി 15ന് ഹര്‍ജിക്കാരിയും ആലപ്പുഴ സ്വദേശിയുമായുള്ള വിവാഹം നടന്നിരുന്നു. തുടര്‍ന്ന് പാലക്കാട് തൃത്താല പഞ്ചായത്തിലെ മാര്യേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. 

ഹര്‍ജിക്കാരിക്ക് വടക്കന്‍ അയര്‍ലന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനു പോകേണ്ടതിനാല്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി ഇളവുചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

നോട്ടീസ് കാലാവധി കഴിഞ്ഞു രജിസ്റ്റര്‍ ചെയ്യാനാണെങ്കില്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ ഹാജരാകാമെന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥ പ്രകാരം 30 ദിവസ നോട്ടീസ് കാലാവധിക്കു പുറമേ വധൂവരന്മാരും മൂന്നു സാക്ഷികളും നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌പെഷല്‍ മാര്യേജ് നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായ വാക്കുകളിലൂടെ നിര്‍വചിക്കപ്പെട്ടതാണെന്നും വ്യാഖ്യാനത്തിലൂടെ നോട്ടീസ് കാലാവധിയിലോ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലോ ഇളവ് സാധ്യമല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com