നേമത്തു നിന്നും ഇക്കുറി അനായാസ വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട : മുല്ലപ്പള്ളി രാമചന്ദ്രന്‍

മിടുക്കന്മാരും മിടുക്കികളുമായ ധാരളം പേര്‍ ഉള്ളതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രയാസം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം

തിരുവനന്തപുരം : ബിജെപി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തു നിന്നും അനായാസമായി വിജയിക്കാമെന്ന് ധരിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതൊക്കെ ഒരു കടംകഥയാണ്. നേമത്തും വട്ടിയൂര്‍ക്കാവിലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ ആയിരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാന്‍ മുല്ലപ്പള്ളി പറഞ്ഞു. 

20 സീറ്റില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഈ വര്‍ഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താന്‍ നിരവധി തവണ സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. 

ആ രഹസ്യധാരണയുടെ അന്തര്‍ധാര പരിപൂര്‍ണമായും പ്രതിഫലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. താന്‍ നിരന്തരം ഉന്നയിച്ച തില്ലങ്കേരി മോഡലില്‍ ഈ നിമിഷം വരെ മറുപടി പറയാന്‍ ബിജെപിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. അതില്‍ നിന്നും രക്ഷപ്പെടാന്‍ എടുത്ത തന്ത്രമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോണ്‍ഗ്രസിന് ഏറ്റവും മികച്ച വിജയം നേടിക്കൊടുക്കുക എന്നതാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഒരുകാലത്തും ദൗര്‍ലഭ്യമില്ല. നേതാക്കന്മാരെ കൊണ്ട് സമ്പന്നമായ പാര്‍ട്ടിയാണ്. മിടുക്കന്മാരും മിടുക്കികളുമായ ധാരളം പേര്‍ ഉള്ളതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രയാസം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

പി സി ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. പിസി ജോര്‍ജിനെക്കുറിച്ച് താന്‍ എന്തിപറയാനാണ്. അദ്ദേഹം എന്തെല്ലാം സംസാരിക്കുന്നു ?. എന്തെല്ലാം കാര്യങ്ങള്‍ പറയുന്നു. അതിനൊക്കെ തന്നെ മറുപടി പറയുക എന്നു പറഞ്ഞാല്‍, തനിക്ക് അതിന് സമയമില്ല എന്നു മാത്രമേ പറയാനുള്ളൂ എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com