സിപിഎം സ്ഥാനാര്‍ഥികള്‍ പത്തിനു മുമ്പ്; സീറ്റു വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്കു ധാരണ

രണ്ടു ദിവസത്തിനകം ഘടകക്ഷികളുമായുള്ള രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ച നടത്തും
എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയുടെ സമാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ബിനോയ് വിശ്വവും/വിന്‍സെന്റ് പുളിക്കല്‍
എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയുടെ സമാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ബിനോയ് വിശ്വവും/വിന്‍സെന്റ് പുളിക്കല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ മാര്‍ച്ച് പത്തിനു മുമ്പു പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാനുള്ള ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നാലിനും അഞ്ചിനുമായി സംസ്ഥാന സമിതി ചേരും.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കു കടക്കും മുമ്പ് മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. രണ്ടു ദിവസത്തിനകം ഘടകക്ഷികളുമായുള്ള രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ച നടത്തും. സീറ്റിനെച്ചൊല്ലിയുള്ള  ചര്‍ച്ച നീണ്ടുപോവാതെ നോക്കണമെന്നാണ് സിപിഎം നേതൃയോഗത്തിലുണ്ടായ ധാരണ. രണ്ടു ഘടകക്ഷികള്‍ പുതിയതായി മുന്നണിയിലേക്കു വന്നതിനാല്‍ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം കൂടുതല്‍ സീറ്റുകള്‍ വി്ട്ടുനല്‍കാന്‍ ധാരണയായിട്ടുണ്ട്. 

കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണിയിലേക്കു വന്നതോടെ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മാണി വിഭാഗം 15 സീറ്റിലാണ് മത്സരിച്ചത്. അന്ന് ജെഡിയു ആയിരുന്ന എല്‍ജെഡി ഏഴു സീറ്റിലും. ഇവര്‍ മത്സരിച്ചു വന്ന 22 സീറ്റില്‍ 15 എണ്ണമെങ്കിലും ഇത്തവണ ഇടതു മുന്നണി നല്‍കുമെന്നാണ് സൂചനകള്‍. ഇതിനായി മുന്നണിയിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ച ചെയ്യും.

സിപിഎം കഴിഞ്ഞ തവണ 87 പേരെ പാര്‍ട്ടി ചിഹ്നത്തിലും അഞ്ചു പേരെ സ്വതന്ത്രരായും മത്സരിപ്പിച്ചു. സിപിഐക്ക് 27 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇക്കുറി കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കുമായുള്ള വിഭജനം പൂര്‍ത്തിയാവുമ്പോള്‍ സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 85 ആയി കുറഞ്ഞേക്കും. സിപിഐ രണ്ടു സീറ്റുകളാണ് വിട്ടുനല്‍കുക. കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകളില്‍ മത്സരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനാം രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com