കനലിലെ അവസാന തരി കാക്കാന്‍ സിപിഎം, സൗത്ത് ഇന്ത്യയിലെ ലാസ്റ്റ് ബസ് പിടിക്കാന്‍ കോണ്‍ഗ്രസ്; മരണക്കളി

നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്
പിണറായി വിജയന്‍,രമേശ് ചെന്നിത്തല/ഫയല്‍ ചിത്രം
പിണറായി വിജയന്‍,രമേശ് ചെന്നിത്തല/ഫയല്‍ ചിത്രം

നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ബിജെപിയുടെ കടന്നുകയറ്റത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ കോണ്‍ഗ്രസിനും ഒരു സംസ്ഥാനത്ത് മാത്രം അവശേഷിക്കുന്ന സിപിഎമ്മിനും ജിവന്‍ മരണപോരാട്ടമാണിത്. 

കേരളത്തില്‍ തുടര്‍ഭരണം ഏതുവിധേനയും നിലനിര്‍ത്തണം എന്ന് സിപിഎം കേന്ദ്രനേൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തവണ അധികാരം നഷ്ടപ്പെട്ടാല്‍ 1977ന് ശേഷം ഒരു സംസ്ഥാനത്തും ഭരണത്തിലില്ല എന്ന സാചര്യമാണ് ഇടതുമുന്നണിയെ കാത്തിരിക്കുന്നത്. കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറാറുണ്ടെങ്കിലും ഉരുക്കുകോട്ട പോലെ നിന്നിരുന്ന ത്രിപുരയും ബംഗാളും ഇന്ന് ഇടതുപക്ഷത്തിനൊപ്പമില്ല. മറ്റൊരു സംസ്ഥാനത്തും ഇടതുപാര്‍ട്ടികള്‍ക്ക് ഭരണത്തില്‍ കാര്യമായ പങ്കാളിത്തമില്ല. 

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ വീഴരുതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് കേന്ദ്രനേൃത്വം സിപിഎം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും താഴേത്തട്ടിലേക്ക് കൃത്യമായി ഇറങ്ങി പ്രചാരണം നടത്തണമെന്നും സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം, പുതുച്ചേരിയിലെ വീഴ്ചയോടെ ദക്ഷിണേന്ത്യയില്‍ ഒരിടത്തും ഭരണമില്ല എന്ന നിലയിലാണ് കോണ്‍ഗ്രസ്. രാജ്യത്ത് ആകെ ഭരണമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് മുഖ്യമന്ത്രിമാരുള്ളത്.ഛത്തീസ്ഗഡിലും രാജസ്ഥാനിലും പഞ്ചാബിലും. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സഖ്യകക്ഷിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യയിലെ അവസാന ബസാണ്. 

അതുകൊണ്ടുതന്ന തെരഞ്ഞെടുപ്പില്‍ എഐസിസി വളരെ ഗൗരവത്തോടെയാണ് ഇടപെടുന്നത്. സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത ഉള്‍പ്പെടെ എഐസിസി പ്രത്യേക സര്‍വേകള്‍ നടത്തി വിലയിരുത്തി കഴിഞ്ഞു. മാത്രവുമല്ല, ഗ്രൂപ്പല്ല, വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയിത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശവും നല്‍കി.  ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബംഗാള്‍ വിട്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയമയം, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ എത്തുന്നത്. എന്നാല്‍ നിലവിലുള്ള ഒന്നില്‍നിന്ന് കൂടുതല്‍ സീറ്റുകളിലേക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാളയത്തില്‍പ്പട ശക്തമായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നേരിട്ട് ചുക്കാന്‍ പിടിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com