അന്ന് മന്നത്തെ ഓര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല; ഇടതുപക്ഷത്തിന് ഇരട്ടത്താപ്പ്; ദേശാഭിമാനി ലേഖനത്തിന് എതിരെ എന്‍എസ്എസ്

സിപിഎം മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണം തള്ളി എന്‍എസ്എസ്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍


കൊച്ചി: സിപിഎം മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണം തള്ളി എന്‍എസ്എസ്. സിപിഎമ്മിന്റെ സമുന്നത നേതാവായ എകെജിക്കൊപ്പം ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ മന്നത്ത് പത്മനാഭനും സ്ഥാനം നല്‍കിയുള്ള ലേഖനത്തിന് എതിരെയാണ് എന്‍സ്എസ് രംഗത്തുവന്നിരിക്കുന്നത്.

'ഗുരുവായൂര്‍ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തെരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാല്‍ ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകം 2018 മേയ് 8ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തിനെ ഓര്‍മിക്കാനോ സ്മാരകത്തില്‍ പേരു വയ്ക്കാനോ സര്‍ക്കാര്‍ തയാറാകാതിരുന്നത് അധാര്‍മികവും ബോധപൂര്‍വമായ അവഗണനയുമാണ്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തിനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നു.'

'അതേസമയം തന്നെ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണു കഴിഞ്ഞദിവസം ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനം. സത്യഗ്രഹ സ്മാരകത്തില്‍ മന്നത്തിന്റെ പേര് ഒഴിവാക്കിയതും ഈ ലേഖനവും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണു കാണിക്കുന്നത്. ഇതു എന്‍എസ്എസും മന്നത്തിന്റെ ആരാധകരും തിരിച്ചറിയുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്തെന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ' എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുരഞ്ജനപാത സ്വീകരിക്കാന്‍ സിപിഎം തയാറായ പശ്ചാത്തലത്തിലാണ് 'നവോത്ഥാന പ്രസ്ഥാനവും മന്നത്ത് പത്മനാഭനും' എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. 'രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവോത്ഥാന സമരത്തില്‍ മന്നത്തിന്റെ സംഭാവനകളെ ചെറുതാക്കി കാണാന്‍ ആരും ഇഷ്ടപ്പെടില്ല. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്റ്റനായിരുന്ന എകെജി നയിച്ച ജാഥ വിജയിപ്പിച്ചതില്‍ മന്നം വഹിച്ച പങ്കു വലുതായിരുന്നു. കെ കേളപ്പനും സുബ്രഹ്മണ്യന്‍ തിരുമുമ്പും എകെജിയും ഉള്‍പ്പെടെ വടക്കന്‍ കേരളത്തില്‍നിന്നായിരുന്നു എങ്കില്‍ മന്നത്ത് പത്മനാഭന്‍ തെക്കന്‍ കേരളത്തില്‍നിന്നായിരുന്നു എന്ന പ്രത്യേകതയുണ്ട്' ലേഖനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com