നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; എസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 10:27 PM  |  

Last Updated: 01st January 2021 10:28 PM  |   A+A-   |  

Ambili_Rajan_death_Neyyatinkara_Kerala

മരിച്ച രാജനും അമ്പിളിയും കുട്ടികൾക്കൊപ്പം / ഫയൽ ചിത്രം

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം റൂറൽ എസ്പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവിച്ച കാര്യങ്ങളും പൊലീസ് നടപടികളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് എസ്പി ബി അശോകന്‍ റിപ്പോര്‍ട്ട് കൈമാറിയത്.

ഇക്കഴിഞ്ഞ 22നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നെയ്യാറ്റിൻകരയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്പിളിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രാജൻ നേരത്തെ മരിച്ചിരുന്നു. പിന്നാലെയാണ് അമ്പിളിയും മരിച്ചത്. 

സ്ഥലം ഒഴിപ്പിക്കൽ നടപടിക്കായി പൊലീസ് എത്തിയപ്പോഴാണ് ദമ്പതിമാരായ രാജൻ, അമ്പിളി എന്നിവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതിനിടെയാണ് ഇരുവർക്കും പൊള്ളലേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചു.  

സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ രാജനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

ഒരു വർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ്  പുരയിടം രാജൻ കയ്യേറിയതിനെതിരെ  നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ രാജൻ ഈ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തി. 

കഴിഞ്ഞ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തി. തുടർന്ന്  പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.