വീണ്ടും ജീവന്‍ വെച്ച് വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 11:30 AM  |  

Last Updated: 01st January 2021 11:30 AM  |   A+A-   |  

school re opens today in kerala

ക്ലാസ്സുകളില്‍ പഠനം നടക്കുന്നു / ട്വിറ്റര്‍ ചിത്രം

 

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു.  ഒമ്പത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു.

സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം. എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം. ആദ്യത്തെ ആഴ്ച രാവിലെ മൂന്ന്‌ മണിക്കൂർ, ഉച്ചയ്ക്കുശേഷം  മൂന്ന്‌ മണിക്കൂർ വീതമുള്ള രണ്ട്‌ ഘട്ടങ്ങളായാണ് ക്ലാസുകൾ . ആവശ്യമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താം.

കുട്ടികൾ തമ്മിൽ രണ്ട്‌ മീറ്റർ ശാരീരിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികൾ പങ്കുവയ്ക്കരുത്. പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ  രണ്ട്‌ മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം. സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത അകലം നിർബന്ധം. വാഹനങ്ങളിൽ കയറും മുമ്പ്‌ തെർമൽ പരിശോധന നടത്തണം. മാസ്ക് നിർബന്ധം. തുടങ്ങിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.