ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും; വിവാദള്‍ക്ക് പിന്നില്‍ ചലച്ചിത്ര മേളയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍: കടകംപള്ളി

ഐഎഫ്എഫ്‌കെയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം
കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വരും വര്‍ഷങ്ങളില്‍ ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണത്തെ ചലച്ചിത്ര മേള നാലിടങ്ങളില്‍ നടത്താനുള്ള തീരുമാനത്തിന് എതിരെ ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര മേളയുടെ സ്ഥിരം വേദി മാറ്റില്ല എന്ന് മന്ത്രി വ്യക്തമാക്കിയത്. 

'ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതില്‍ ഒരു സംശയവും ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നില്‍. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും.' അദ്ദേഹം കുറിച്ചു. 

നേരത്തെ, ഐഎഫ്എഫ്‌കെ വേദി മാറ്റാനുള്ള തീരൂമാനത്തിന് എതിരെ ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. 'സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഐഎഫ്എഫ്‌കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാത്തിലുമുപരി അവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ് എന്ന അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

'ഐഎഫ്എഫ്‌കെ വേദി മാറ്റുന്നത് തിരുവനന്തപുരം ബ്രാന്റിനെ തകര്‍ക്കുമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ഈ  വര്‍ഷം മുതല്‍ ഐഎഫ്എഫ്കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം  നാല് ജില്ലകളില്‍ ഭാഗികമായി   നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍  വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ  ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ ഐഎഫ്എഫ്കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക്  കാര്യങ്ങള്‍ മുന്നോട്ടുപോകും.
സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.'- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

നാല് ഘട്ടമായി നാല് സ്ഥലങ്ങളില്‍ ചലച്ചിത്ര മേള നടത്തനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ രീതി. ഫെബ്രുവരി പത്തുമുതല്‍ പതിനാലുവരെ തിരുവനന്തപുരം, 17മുതല്‍ 21വരെ എറണാകുളം, 23മുതല്‍ 27വരെ തലശ്ശേരി, മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ പാലക്കാട് എന്നിങ്ങനെയാണ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com