വീണ്ടും മത്തി എത്തി, തീരെ ചെറുത് ; പിടിക്കരുതെന്ന് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2021 07:32 AM  |  

Last Updated: 02nd January 2021 07:32 AM  |   A+A-   |  

fish_579441

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഏറെ നാളായി ക്ഷാമം നേരിട്ടിരുന്ന മത്തി ( ചാള ) തെക്കൻ കേരള തീരത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ തീരെ ചെറിയ മത്തിയെ പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. മുട്ടയിടാൻ പാകമാകാത്ത ഇവയെ പിടിച്ചാൽ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം വ്യക്തമാക്കി. 

അഞ്ചുവർഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കൻ കേരളതീരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 14-16 സെന്റീമീറ്ററാണ് മത്തിയുടെ വലുപ്പം. ഇവ പ്രത്യുത്പാദനത്തിന് സജ്ജമാകാൻ മൂന്നുമാസംകൂടി വേണ്ടിവരും. പ്രത്യുത്പാദനഘട്ടത്തിൽ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ അബ്ദുസ്സമദ് പറഞ്ഞു.

2019-ൽ കിട്ടിയത് 44,320 ടൺ മത്തിയാണ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും കുറവാണിത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന്‌ കാരണമെന്ന് കണ്ടെത്തിയിരുന്നു. ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിക്കണമെന്ന കാര്യം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ അറിയിച്ചു.