വിക്ടേഴ്സില്‍ നാളെ മുതല്‍ മുഴുവന്‍ ക്ലാസുകളും; സമയക്രമം ഇങ്ങനെ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd January 2021 11:39 AM |
Last Updated: 03rd January 2021 11:39 AM | A+A A- |

വിക്ടേഴ്സ് ചാനല്‍
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ പത്തിലെ ക്ലാസുകള്‍ വൈകിട്ട് അഞ്ചു മുതല്‍ ഏഴുവരെയായിരിക്കും.
ഇതിന്റെ പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30 മുതല്‍ എട്ടുവരെ അതേ ക്രമത്തില്‍ നടത്തും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ എട്ടു മുതല്‍ 11 വരെയും പകല്‍ മൂന്ന് മുതല്‍ 5.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം രാത്രി ഏഴു മുതല്‍ നടത്തും.
പ്ലസ് വണ്‍ ക്ലാസുകള്‍ പകല്‍ 11 മുതല്‍ 12 വരെയും എട്ട്, ഒമ്പത് ക്ലാസുകള്‍ പകല്‍ രണ്ടിനും 2.30 നും ആയിരിക്കും. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്ത രൂപത്തില്‍ പകല്‍ 12 നും രണ്ടിനും ഇടയില്‍ സംപ്രേഷണം ചെയ്യും.
പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായതായി കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും.
ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവന്‍ ക്ലാസുകളും കുട്ടികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോര്‍ട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകും.