വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജം: കെ കെ ശൈലജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2021 02:27 PM  |  

Last Updated: 03rd January 2021 02:27 PM  |   A+A-   |  

COVID VACCINE DISTRIBUTION

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. രണ്ടു കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോ​ഗത്തിന് ഡ്ര​ഗ്സ് കൺട്രോളർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

വാക്സിന് ഡ്ര​ഗ്സ് കൺട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോ​ഗികമായി അറിയിപ്പ് ലഭിക്കുകയും വാക്സിൻ വിതരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുകയും ചെയ്യുമ്പോഴാണ് വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുക. നിലവിൽ ഏത് വാക്സിൻ വിതരണം ചെയ്യാനും സംസ്ഥാനം പൂർണ സജ്ജമാണെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കും. പതിനെട്ട് വയസിനു മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരിൽ ആന്റിബോഡി പരിശോധന നടത്തും. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും  പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനുമാണ് പഠനം. രോഗം വന്നു മാറിയവരിൽ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേർക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്.

18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളെ പരിശോധിക്കും.  ഒരു ജില്ലയിൽ  കുറഞ്ഞത് 350 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. സന്നദ്ധ പ്രവർത്തകർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരിലും പരിശോധന നടത്തും.  5000-ഓളം രക്ത സാംപിളുകൾ ലാബുകളിൽ നിന്നും രക്ത ബാങ്കുകളിൽ നിന്നും ശേഖരിക്കും. 

നവംബർ ആദ്യ വാരത്തെ കണക്കനുസരിച്ച്  രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകരെ പരിശോധിക്കുമ്പോൾ 100 ൽ  20 പേർ പോസിറ്റീവാണ്. ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിൽ 10.5 ശതമാനവും. ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ആളുകളിൽ 3.2 ശതമാനവും നേരിട്ട് പരിശോധനയ്‌ക്കെത്തിയ ആളുകളിൽ 8.3 ശതമാനവും പോസിറ്റീവ് ആയിരുന്നു.