അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് കോട്ടയത്ത് 20 കാരിക്ക്; കോഴിക്കോട്ട് യുവാവിനും രണ്ടരവയസുകാരിക്കും; യുകെയില്‍ നിന്നെത്തിയത് രണ്ടാഴ്ച മുന്‍പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 10:38 PM |
Last Updated: 04th January 2021 10:40 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് അച്ചനും മകള്‍ക്കും. ദേവഗിരി സ്വദേശികളായ 36 കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പിതാവ് മെഡിക്കല്‍ കോളജിലും മകള്‍ വീട്ടിലുമാണ്. രണ്ടാഴ്ച മുമ്പാണ് ഇരുവരും യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.
കോട്ടയത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് 20 കാരിക്കാണ്. രണ്ടാഴ്ച മുമ്പാണ് അച്ഛനും പെണ്‍കുട്ടിയും ലണ്ടനില്‍ നിന്നെത്തിയത്. അച്ഛന്റെ ഫലം നെഗറ്റീവാണ്. പെണ്‍കുട്ടിയെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ ആറുപേര്‍ക്കാണ് കേരളത്തില്‍ അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടങ്ങി. ഇവര്‍ക്ക് കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. പിസിആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച ഇവരുടെ സ്രവം പൂനെ വൈറോളജി ലാബില്‍ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.
സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യംസ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂര്‍ സ്വദേശി (29), എന്നിവരാണവര്‍. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.