അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ല; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 04:55 PM |
Last Updated: 04th January 2021 04:55 PM | A+A A- |
അനില്‍ പനച്ചൂരാന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു പോസ്റ്റ്്‌മോര്‍ട്ടം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അനില്‍ പനച്ചൂരാന്റെ മരണത്തില്‍ കായംകുളം പൊലീസ് കേസ് എടുത്തിരുന്നു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
ഇന്നലെ രാത്രിയോടെയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.