ഒരു വിദ്യാർഥിക്ക് അഞ്ച് മണിക്കൂർ അധ്യയനം, ക്ലാസുകൾ രണ്ട് ബാച്ചായി; കോളജുകൾ ഇന്നുമുതൽ തുറക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2021 06:44 AM  |  

Last Updated: 04th January 2021 06:44 AM  |   A+A-   |  

colleges_reopen

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളും ഇന്നുമുതൽ നിയന്ത്രണങ്ങളോടെ തുറക്കും. അവസാന വർഷ ബിരുദ വിദ്യാർഥികളും മുഴുവൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് ക്ലാസിന് എത്തേണ്ടത്. രണ്ട് ബാച്ച് ആയി, ഒരു വിദ്യാർഥിക്ക് അഞ്ച് മണിക്കൂർ അധ്യയനം ലഭിക്കുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കാനാണ് നിർദേശം. 

ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനസമയം. ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രമായിരിക്കും പ്രവേശനം. ഷിഫ്റ്റ് അല്ലാത്തവർക്ക് നാലു സമയ ഷെഡ്യൂളിൽ (8.30–1.30; 9–2; 9.30–3.30; 10–4) ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം. ശനിയാഴ്ചയും കോളജുകൾ പ്രവർത്തിക്കും. 

പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്നുമുതൽ തുറക്കുന്നത്. ആർട്സ് ആൻഡ് സയൻസ്, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ , പോളിടെക്നിക് എന്നിവിടങ്ങളിൽ ബിരുദം 5, 6 സെമസ്റ്റർ ക്ലാസുകളും പിജി ക്ലാസുകളും ഇന്ന് തുടങ്ങും. എൻജിനീയറിങ് കോളജുകളിൽ 7–ാം സെമസ്റ്റർ ബിടെക്, 9–ാം സെമസ്റ്റർ ബിആർക്, 3–ാം സെമസ്റ്റർ എംടെക്, എംആർക്, എംപ്ലാൻ, 5–ാം സെമസ്റ്റർ എംസിഎ, 9–ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ  എന്നിവരാണ് കോളജുകളിൽ എത്തേണ്ടത്.