ആശ്വാസം, കോവിഡിന്റെ ബ്രിട്ടീഷ് വകഭേദം സംസ്ഥാനത്തില്ല ; വാക്‌സിനില്‍ മുന്‍ഗണന വേണമെന്ന് കേരളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2021 08:23 AM  |  

Last Updated: 04th January 2021 08:23 AM  |   A+A-   |  

minister shylaja

മന്ത്രി ശൈലജ വാക്‌സിന്‍ ഡ്രൈറണ്‍ നിരീക്ഷിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 37 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 11 പേരുടെ വിദഗ്ധ പരിശോധനാ ഫലമാണ് ലഭിച്ചത്. 

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളമെന്നും, അതിനാല്‍ വാക്‌സിന്റെ കാര്യ്തതില്‍ മുന്‍ഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

വാക്‌സിന്‍ ആവശ്യകത കൂടിയ സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്രം തയ്യാറാക്കിയ മാര്‍ഗരേഖയില്‍ സൂചിപ്പിക്കുന്നുണ്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോ വാക്‌സിന്‍ എന്നിവയ്ക്ക് വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടുണ്ട്. 

കോവി ഷീല്‍ഡ് ഈ ആഴ്ച തന്നെ ലഭ്യമാക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്. മുന്‍ഗണന തീരുമാനിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് ഇനിയുള്ള പ്രധാന നടപടി. ഇത് ഇന്നോ നാളെയോ ആരംഭിക്കും. ട്രയലിന്റെ തുടര്‍ച്ച എന്ന രീതിയിലായിരിക്കും കോ വാക്‌സിന്‍ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.