പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന്‍ ജാമ്യത്തില്‍ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2021 02:43 PM  |  

Last Updated: 04th January 2021 02:51 PM  |   A+A-   |  

uapa case

അലന്‍, താഹ/ ഫയല്‍ ചിത്രം

 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫൈസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി . കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. അലന്‍ ഷുഹൈബിന്റെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.

കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. താഹ ഫൈസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. താഹ ഉടന്‍ തന്നെ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ പ്രായം, മാനസിക നില, ചികിത്സ തുടരുന്നത്, വിദ്യാര്‍ഥിയാണ് എന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു.