അനില്‍ പനച്ചൂരാന്റെ വിയോ​ഗം സാംസ്‌കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി 

' ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന വീണ പൂമരം ' തുടങ്ങി എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങള്‍ നെഞ്ചിലേറ്റിയവയാണ്
അനില്‍ പനച്ചൂരാന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
അനില്‍ പനച്ചൂരാന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: അനില്‍ പനച്ചൂരാന്റെ  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്,  കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.  അദ്ദേഹത്തിന്റെ അകാല  വിയോഗം സാംസ്‌കാരിക-  സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മറക്കാനാവാത്ത വരികൾ മലയാളിയുടെ മനസിൽ കൊത്തിവച്ചാണ് അനിൽ പനച്ചൂരാൻ യാത്രയായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.  മലയാള  ചലച്ചിത്രഗാന ശാഖയ്ക്കു ഇമ്പവും അർത്ഥവും നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് അനിൽ പനച്ചൂരാൻ.  'ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം " തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്.
കവിയെയും, സാംസ്‌കാരിക  പ്രവർത്തകനെയും  മാത്രമല്ല  അടുത്ത ബന്ധം പുലർത്തിയ ഒരു സുഹൃത്തിനെ  കൂടിയാണ് അനിലിന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. എന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി മികച്ച ഗാനങ്ങൾ എഴുതി നൽകുകയും അതിനു പ്രതിഫലം വാങ്ങില്ലെന്ന് സ്നേഹവാശി പിടിക്കുകയും ചെയ്ത കലാകാരനാണ് പുതുവത്സരത്തിൽ വിടപറഞ്ഞത് എന്നും ചെന്നിത്തല പറഞ്ഞു.

"സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ"എന്ന പനച്ചൂരാന്റെ  വരികൾ കാലത്തെ അതിജീവിച്ചു ജീവിക്കും എന്ന് നിസ്സംശയം പറയാം. പുതുതലമുറയിലെ പ്രഗത്ഭനായ കവിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. ചെന്നിത്തല അനുശോചന സന്ദേശത്തിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com