നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ സത്രീകള്‍ക്ക് വേണം; ഹൈക്കമാന്റിനോട് മഹിളാ കോണ്‍ഗ്രസ്

പ്രത്യേകിച്ചും പാര്‍ട്ടിയുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലാത്ത പലരും സ്ഥാനാര്‍ത്ഥികളായി. വിജയസാധ്യതയേക്കാള്‍ ഗ്രൂപ്പാണ് പരിഗണിച്ചത്
കോണ്‍ഗ്രസ് പതാക
കോണ്‍ഗ്രസ് പതാക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് ഇരുപതു ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍  സെക്രട്ടറി താരീഖ് അന്‍വറിനു നല്‍കിയ  കത്തില്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസിലോ പാര്‍ട്ടിയുടെ പോഷക സംഘടനകളിലോ സജീവമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്തവര്‍ ഉണ്ടെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അധ്യക്ഷ ലതികാ സുഭാഷ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കാളിത്തം നല്‍കുന്നില്ല.

നിയമസഭയിലേക്കു മല്‍സരിക്കുന്നതിന് പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കണം. മികച്ച പ്രതിഛായ, വിജയസാധ്യത, പൊതുസ്വീകാര്യത എന്നിവ കര്‍ശനമായി പരിഗണിക്കണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കെപിസിസി സര്‍ക്കുലര്‍ വഴി നേരത്തേ വാഗ്ദാനം ചെയ്ത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. പ്രത്യേകിച്ചും പാര്‍ട്ടിയുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലാത്ത പലരും സ്ഥാനാര്‍ത്ഥികളായി. വിജയസാധ്യതയേക്കാള്‍ ഗ്രൂപ്പാണ് പരിഗണിച്ചത്.

ബൂത്ത്കമ്മിറ്റികള്‍ വിവേകപൂര്‍ണമായ വിധത്തില്‍ പുന:സ്സംഘടിപ്പിക്കുകയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്ലാവരെയും ഉള്‍പ്പെടുത്തുകയും വേണം. തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന പാര്‍ട്ടിവിമതരെ സ്വീകരിക്കുന്നതുകൊണ്ട് തോറ്റവരെയും പരിഗണിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍  കര്‍ശനമായി പാലിക്കുകയും നേതാക്കള്‍ക്കു പുറമേ വക്താക്കള്‍ മാത്രം വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ സംവാദങ്ങളിലും പങ്കെടുക്കണമെന്നും മഹിളാ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com