സംസ്ഥാനത്ത് മുല്ലപ്പൂവിന് പൊന്നുവില; കിലോയ്ക്ക് 5000 രൂപ വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 08:12 AM |
Last Updated: 05th January 2021 08:12 AM | A+A A- |

ഫയല്‍ ചിത്രം
തൃശൂര്‍: കേരളത്തില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 5000 രൂപ വരെ. തമിഴ്‌നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചത്.
ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വില. മഞ്ഞും പതിവില്ലാത്ത മഴയുമാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതാണ് അപ്രതീക്ഷിത വിലക്കയറ്റത്തിന് ഇടയാക്കുന്നത്.
നിലവില്‍ ബുക്കിങ് അനുസരിച്ച് മാത്രമാണ് മുല്ലപ്പൂ കൊണ്ടുവരാറുള്ളത്. വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ലക്കൃഷിയുണ്ട്. കനത്തമഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞുപോയതാണ് തിരിച്ചടിയായത്. വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബംഗളുരുവില്‍ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്.