'പിണറായി വിജയന്‍, താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല, ലാല്‍സലാം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 03:12 PM |
Last Updated: 05th January 2021 03:12 PM | A+A A- |

എസ് ജയചന്ദ്രന്‍ നായര്‍, പിണറായി വിജയന്‍/ഫയല്‍
തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തനിക്കു പത്രപ്രവര്‍ത്തക പെന്‍ഷന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചതായും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാളം വാരിക മുന്‍ പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായര്‍. ഇനി സൗജന്യത്തിനായി കാത്തിരിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ അദ്ദേഹം പറഞ്ഞു.
എസ് ജയചന്ദ്രന്‍ നായരുടെ കത്ത്:
മുഖ്യമന്ത്രിക്ക് ഒരു കത്ത്
ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി, കേരളം
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇ.എം.എസ്സും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.
സഖാവേ, ലാല്‍സലാം.
വിധേയന്‍
എസ്. ജയചന്ദ്രന്‍ നായര്‍, ബാംഗ്ലൂര്‍.