മുന്‍ചക്രം ഊരിത്തെറിച്ച് ഓട്ടോ മറിഞ്ഞു; അമ്മയുടെ കൈയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് കുഞ്ഞ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2021 08:28 AM  |  

Last Updated: 05th January 2021 08:28 AM  |   A+A-   |  

accident_in_kumbala1

കുമ്പളയില്‍ വാഹനാപകടത്തില്‍ മരിച്ച ഖാസിം-ഫായിസ ദമ്പതിമാരുടെ മകൻ റിസ്‌വാൻ


കുമ്പള: ഓട്ടോറിക്ഷയുടെ മുൻചക്രം ഊരിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു.  മാതാവിന്റെ കൈയിൽനിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കൊക്കച്ചാൽ പിലന്തൂറിലെ ഖാസിം-ഫായിസ ദമ്പതിമാരുടെ മകൻ റിസ്‌വാൻ (രണ്ട്) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെ ബന്തിയോട് മീപ്പിരിയിൽ ആണ് അപകടം. ഓട്ടോയുടെ മുൻചക്രത്തിന്റെ ബോൾട്ടിന് പ്രശ്നമുണ്ടായിരുന്നു. ഇത് നന്നാക്കാനായി വർക്ക്‌ ഷോപ്പിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ബന്തിയോട് ഭാഗത്തേക്ക് പോവാൻ നിൽക്കുകയായിരുന്ന കുട്ടിയുടെ മാതാവ് കൈ കാണിച്ചപ്പോൾ ഡ്രൈവർ അവരെ ഓട്ടോയിൽ കയറ്റുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

മീപ്പിരി വളവെത്തിയപ്പോൾ ബോൾട്ട് ഇളകിയതിനെത്തുടർന്ന് മുൻചക്രം ഊരിത്തെറിച്ച ഓട്ടോ റോഡിലിടിച്ച്‌ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തല തകർന്ന കുഞ്ഞ് അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഓട്ടോയുടെ പ്രശ്നം കാര്യമാക്കാതെയാണ് ഡ്രൈവർ ഇവരെ വാഹനത്തിൽ കയറ്റിയതെന്നും ആരോപണമുണ്ട്. ഡ്രൈവർ കയ്യാറിലെ പ്രസാദി (26) നെതിരേ കുമ്പള പോലീസ് കേസെടുത്തു.