പക്ഷിപ്പനി : രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങള്‍ ; കേരളത്തില്‍ നാലിടത്ത് അതി തീവ്ര വ്യാപനം ; ജാഗ്രതാ നിര്‍ദേശം

രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേരളം അടക്കം നാലു സംസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 12 പ്രദേശങ്ങളിലാണ് അതി തീവ്ര വ്യാപനം നടക്കുന്നതെന്ന് കേന്ദ്രം വിലയിരുത്തി. 

രോഗവ്യാപനം തടയാനായി കര്‍മ പരിപാടി തയ്യാറാക്കണം. ഇതിനോടകം തന്നെ പക്ഷിപ്പനി പടരുന്നത് തടയാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് അടിയന്തരമായി നടപ്പാക്കണം. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഉടന്‍ അണുനശീകരണം നടത്താനും, സമയബന്ധിതമായി സാംപിള്‍ ശേഖരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

പക്ഷികളുടെ അസ്വാഭാവിക മരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. തമിഴ്‌നാടും സംസ്ഥാന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. മാംസം, മുട്ട വിഭവങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com