സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2021 02:20 PM  |  

Last Updated: 06th January 2021 02:38 PM  |   A+A-   |  

Ibrahim kunju ex minister

വി കെ ഇബ്രാഹിം കുഞ്ഞ്/ ഫയല്‍ ചിത്രം

 


കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ( എംഇഎസ്) തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതുപരിഗണിച്ച കോടതി മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം എന്ന് അഭിപ്രായപ്പെട്ടു.

ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാമെന്ന് കോടതി വിമര്‍ശിച്ചു. ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു. 

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിവെ വാദങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജാമ്യം വേണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. അര്‍ബുദ രോഗബാധിതനാണെന്ന് വ്യക്തമാക്കിയ ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. 

ഇതിനിടെയാണ് ഇബ്രാഹിം കുഞ്ഞ് സംഘടന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം രണ്ടു തവണ ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു.