കളിയിക്കാവിള എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 10:08 PM |
Last Updated: 06th January 2021 10:08 PM | A+A A- |

കൊല്ലപ്പെട്ട എഎസ്‌ഐ വില്‍സണ്‍
തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീന്‍ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. ദോഹയില്‍ നിന്നാണ് ഷിഹാബുദ്ദീന്‍ എത്തിയത്.
2020 ജനുവരിയിലാണ് കളിയിക്കാവിള എഎസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്.
ആരംഭത്തില്‍ കേസ് അന്വേഷണം കളിയിക്കാവിള പൊലീസിന് ആയിരുന്നു. എന്നാല്‍ പിന്നീട് വില്‍സണെ വെടിവെച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. 2020 ഫെബ്രുവരി ഒന്നാം തിയതിയാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.