എംപിമാര്‍ മത്സരിക്കരുത്; നേതാക്കള്‍ മണ്ണിലിറങ്ങിയാല്‍ തീരുന്ന പ്രശ്‌നമേ കോണ്‍ഗ്രസിനുള്ളു; കെഎസ്‌യു
By സമകാലികമലയാളം ഡെസ്‌ക് | Published: 06th January 2021 04:45 PM |
Last Updated: 06th January 2021 04:45 PM | A+A A- |

കെഎസ്‌യു പതാക/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കരുതെന്ന് കെഎസ്‌യു. നേതാക്കളോടുള്ള വിധേയത്വമാകരുത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ ചെറുപ്പക്കാര്‍ മത്സരിക്കുന്നിടത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നു. എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങിയാല്‍ തീരുന്ന പ്രശ്‌നമേ പാര്‍ട്ടിക്കുള്ളു എന്നും അഭിജിത് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറുപ്പക്കാര്‍ വരേണ്ട എന്ന സമീപനം പാര്‍ട്ടിക്കുള്ളിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ അപാകതകളുണ്ട്. തോല്‍വിക്ക് പല കാരണങ്ങളുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് പോകാതെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം. കെഎസ്‌യു ഉള്‍പ്പെടെ സംഘടന ശക്തിപ്പെടുത്തണം.
വര്‍ഷങ്ങളായി തുടരുന്ന മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുണ്ട്. സംഘടന സംവിധാനത്തില്‍ ചില അഴിച്ചുപണികള്‍ അടിയന്തരമായി നടത്തേണ്ടതുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് ഇറങ്ങണം. സ്വയം വിമര്‍ശനം എന്ന നിലയില്‍ കെഎസ്‌യുവിന്റെ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധിനിത്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും സ്ത്രീകള്‍ക്ക് 20 ശതമാനം സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.