വലിയ പക്ഷിക്ക് 200 രൂപ, ചെറുതിന് 100, നശിപ്പിക്കുന്ന മുട്ടയ്ക്ക് അഞ്ചു രൂപ വീതം ; കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 12:01 PM |
Last Updated: 06th January 2021 12:10 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൊന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നല്‍കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നല്‍കും.
രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഇന്ന് പക്ഷിപ്പനി കണ്ടെത്തിയ ആലപ്പുഴയിലേക്ക് പോകും. കര്‍ഷകരുമായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാകും കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് സംബന്ധിച്ചും മന്ത്രി തുടര്‍ന്ന് തീരുമാനമെടുക്കും.
പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേരളം അടക്കം നാലു സംസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ നാലെണ്ണം അടക്കം 12 പ്രദേശങ്ങളിലാണ് അതി തീവ്ര വ്യാപനം നടക്കുന്നതെന്ന് കേന്ദ്രം വിലയിരുത്തി.