മുന്നിൽ പടിക്കെട്ടുണ്ടെന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞത് കേട്ടില്ല, ​ഗൂ​ഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ പോയി അമ്പല നട ഇറങ്ങി കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2021 08:52 AM  |  

Last Updated: 07th January 2021 08:52 AM  |   A+A-   |  

google_map kottayam accident

പ്രതീകാത്മക ചിത്രം

 

കോട്ടയം; വഴി അറിയാതെ നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ഭൂരിഭാ​ഗം പേരും ഇപ്പോൾ ആശ്രയിക്കുന്നത് ​ഗൂ​ഗിൾ മാപ്പിനെയാണ്. ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണിത്. എന്നാൽ ചില സമയങ്ങളിൽ ​ഗൂ​ഗിൾ മാപ്പ് നൽകുന്ന പണി ചെറുതല്ല. കോട്ടയത്ത് പരീക്ഷ എഴുകാൻ എത്തിയ പെരുമ്പാവൂർ സ്വദേശികളായ രണ്ട് യുവാക്കളാണ്  ​ ഗൂ​ഗിൾ മാപ്പിന്റെ 'കെണി'യിൽ കുടുങ്ങിയത്. 

തളിയിൽക്കോട്ടയ്ക്കു സമീപമാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടിൽക്കവല – തളിയിൽക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവർ. വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. ഗൂഗിൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാൽനടയാത്രക്കാർ മാത്രം പോകുന്ന ഇടവഴിയിലൂടെ കാർ നീങ്ങി. 

ഇതു കണ്ട നാട്ടുകാർ പടിക്കെട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഗ്ലാസ് ഇട്ടിരുന്നതു കാരണം കേട്ടില്ല. മുന്നിൽ  നടകൾ കണ്ട് പെട്ടെന്ന് നിർത്താൻ ശ്രമിച്ചെങ്കിലും നിരങ്ങിനീങ്ങി. കാറിനും യാത്രക്കാർക്കും പ്രശ്നങ്ങളില്ല. രാത്രി ക്രെയിൻ ഉപയോഗിച്ചു കാർ പുറത്തെടുത്തു.