''ഇതല്ലേ നിങ്ങള്‍ പറഞ്ഞ മാറും വയറും, കണ്ടോളൂ'' ; സാറാ ഷെയ്ഖ പറയുന്നു; അഭിമുഖം

ആഗ്രഹിച്ചു നേടിയ പെണ്‍ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തില്‍ തുറന്നുപറയുകയാണ്, സാറാ ഷെയ്ഖ
സാറാ ഷെയ്ഖ; അഭിമുഖവുമായി ഇറങ്ങിയ മലയാളം വാരിക
സാറാ ഷെയ്ഖ; അഭിമുഖവുമായി ഇറങ്ങിയ മലയാളം വാരിക

''ശരീരം കാണിക്കാന്‍ ഉദ്ദേശിച്ചു തന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്‍, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന്‍ വേണ്ടിത്തന്നെയാണ്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റല്ല. മോശം അനുഭവങ്ങളുണ്ടായിട്ടും വിടപറഞ്ഞു പോകാത്തത് ഈ മേഖലയോടുള്ള ഇഷ്ടംകൊണ്ടാണ്. പക്ഷേ, എത്ര അരക്ഷിതമായ ഒരു ലോകത്തിലേക്കാണ് ഇറങ്ങാന്‍ പോകുന്നതെന്നു വീണ്ടും വീണ്ടും ആലോചിച്ചുപോകുന്നു. പരിചയമില്ലാത്ത ഒരാള്‍ ഒരു ഫോട്ടോ കണ്ട ഉടനെ ചോദിക്കുകയാണ്, സാറാ, എന്റെ സിനിമയില്‍ ഒരു വേഷമുണ്ട്. ചെയ്യാമോ എന്ന്. എനിക്കു തിരിച്ചറിവുള്ളതുകൊണ്ട് തീര്‍ച്ചയായിട്ടും ''നോ'' എന്നേ പറയൂ. പക്ഷേ, എന്നെപ്പോലെ അവസരങ്ങള്‍ കാത്തിരിക്കുന്ന എത്ര പെണ്‍കുട്ടികളുണ്ട്. അവര്‍ ചെന്നു വീഴില്ലേ, ചെന്നു വീണാല്‍ ആദ്യം തന്നെ ഫോട്ടോഷൂട്ട് എന്ന പേരില്‍ അവരെ ദുരുപയോഗം ചെയ്യാനായിരിക്കും ശ്രമിക്കുക.''- ആഗ്രഹിച്ചു നേടിയ പെണ്‍ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തില്‍ തുറന്നുപറയുകയാണ്, സാറാ ഷെയ്ഖ. 

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സാറ അന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസവും പ്രമുഖ സ്ഥാപനത്തില്‍ ജോലിയുമുണ്ട്. അതിനിടയില്‍ മോഡലാകാനും സിനിമയില്‍ അഭിനയിക്കാനും ശ്രമിച്ചു. ചില അവസരങ്ങള്‍ തൊട്ടടുത്ത് എത്തുകയും ചെയ്തു. അതോടെയാണ് അനുഭവങ്ങള്‍ മാറിയതെന്ന് പറയുന്നു, സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ സാറ. 

പ്രസക്ത ഭാഗങ്ങള്‍: 

''വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് തിരുവനന്തപുരത്തെ വീട്ടിലാണ്. ഈ മൂന്നു മാസത്തിനിടെയാണ് ജീവിതത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ചില അനുഭവങ്ങള്‍ ഉണ്ടായത്. വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് ഇറങ്ങിയശേഷം ഒരു സുഹൃത്ത് വഴി വന്ന ഓഫറാണ് ആദ്യം സ്വീകരിച്ചത്. സുഹൃത്ത് വഴിയായതുകൊണ്ട് ചതിപറ്റുമെന്നു കരുതിയില്ല. അതുകൊണ്ടുതന്നെ ഞെട്ടലും വലുതായി. ആ ഷൂട്ട് കഴിഞ്ഞ് ഫോട്ടോകള്‍ ചോദിച്ചപ്പോഴുള്ള പ്രതികരണം അങ്ങനെയുള്ളതായിരുന്നു. ''ഈ ഫോട്ടോകള്‍ മുഖേന സാറ വലിയ പ്രശസ്തയായങ്ങ് പോകുമല്ലോ, എനിക്കെന്താണ് ഗുണം'' എന്നാണ് ഫോട്ടോഗ്രാഫര്‍ ചോദിച്ചത്. നമുക്ക് സാറയുടെ ശരീരം തുറന്നുകാട്ടിക്കൊണ്ട് ഒരു ഷൂട്ട് കൂടി ചെയ്യാം എന്നും പറഞ്ഞു. അതിനു തയ്യാറായില്ല. അതുകൊണ്ട്, ഫോട്ടോകള്‍ ഇതുവരെ കൊടുത്തിട്ടുമില്ല. ''

..............................

''മറ്റൊരു സിനിമാ സംവിധായകന്‍ വിളിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കിയപ്പോള്‍ ഇതുവരെ ഒരു നല്ല സിനിമപോലും ചെയ്തിട്ടില്ല. പക്ഷേ, പുതിയ സിനിമ ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചു പോസ്റ്റുകളൊക്കെ ഉണ്ട്. ഹിറ്റായ ഒരു സിനിമയുടെ രണ്ടാംഭാഗം താനാണ് ചെയ്യുന്നത് എന്ന അറിയിപ്പ്, കുറേ സംവിധായകരുടെ കൂടെയുള്ള ഫോട്ടോകള്‍. ഇതൊക്കെ കാണുമ്പോള്‍ സിനിമാരംഗത്ത് നല്ല ബന്ധമുള്ളയാളാണ് എന്ന തോന്നല്‍ ഉണ്ടാകും. സിനിമയുടെ കാര്യം പറയാന്‍ വിളിച്ച ആള്‍ പിന്നീട് പറയുന്നത്, എനിക്കു സാറയെ വളരെ ഇഷ്ടമാണ് എന്നാണ്. പ്രണയത്തിലേക്കും ഡേറ്റിംഗ് താല്‍പ്പര്യത്തിലേക്കുമാണ് സംസാരം പോകുന്നത്. സാറ എറണാകുളത്ത് വരുമ്പോള്‍ മുറിയെടുക്കേണ്ട ആവശ്യമില്ല, എന്റെ ഫ്‌ലാറ്റില്‍ കഴിയാം എന്നായി.'' 

.........................

''ആദ്യം വാട്സാപ് ചാറ്റ്, പിന്നെ വീഡിയോകോള്‍. ഞാന്‍ രാത്രി വീഡിയോ കോള്‍ ശല്യം സഹിക്കാന്‍ വയ്യാത്ത അവസ്ഥയില്‍പ്പെട്ടിട്ടുണ്ട്. മറ്റുള്ളവരെ പേടിച്ച് ഫോണ്‍ ഓഫ് ചെയ്തുവയ്ക്കാനോ ഡാറ്റ ഓഫ് ചെയ്തുവയ്ക്കാനോ പറ്റില്ലല്ലോ. മെസ്സഞ്ചര്‍ വിളികളും വന്നുകൊണ്ടിരിക്കും. എനിക്കു തൊഴില്‍പരമായ കാരണങ്ങള്‍കൊണ്ട് മെസ്സഞ്ചര്‍ ബ്ലോക്ക് ചെയ്തുവയ്ക്കാന്‍ പറ്റില്ല. അനാവശ്യ വിളികളോടും സന്ദേശങ്ങളോടും കഴിവതും പ്രതികരിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് ഇപ്പുറത്തുള്ള ആളുടെ ഐഡന്റിറ്റിയെക്കുറിച്ചു പോലും ഒന്നും അറിയില്ല. അവര്‍ക്കു പത്തു പതിനഞ്ചു മിനിറ്റു നേരത്തേക്ക് ഫോണിലൂടെയെങ്കില്‍ അങ്ങനെ ശാരീരിക സുഖം കിട്ടണം.''

..............................

''മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്. മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ആളുകള്‍ ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകള്‍ പെരുമാറുന്നത്?'' ഏതു മേഖലയിലും സ്ത്രീകളെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാന്‍ പറ്റും? എന്തു സുരക്ഷിതത്വമാണ് സ്ത്രീക്കുള്ളത്? എത്ര പേര്‍ ഇത്തരം അനുഭവങ്ങള്‍ പറയാന്‍ തയ്യാറാകും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ എത്രയോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും? അതുകൊണ്ട് ഇതു പറയുക എന്നത് എനിക്കു പരിചയമില്ലാത്ത നിരവധി സഹോദരിമാരോടും കൂടി ചെയ്യുന്ന നീതിയാകും എന്ന് തോന്നി.''

സാറ ഷെയ്ഖയുമായി പിഎസ് റംഷാദ് നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com