തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ദേശങ്ങള്‍ മറികടന്ന് കൂട്ടം കൂടി; മാസ്‌ക് അടക്കം ഒരു പ്രതിരോധവും ഉണ്ടായില്ല; കോവിഡ് വ്യാപനം സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് കെകെ ശൈലജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 09:19 PM |
Last Updated: 07th January 2021 09:20 PM | A+A A- |

ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശതെരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കെകെ ശൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടം കൂടിയെന്നും മാസ്‌ക് അടക്കം ഒരു പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ ഒരുകൂട്ടം ആളുകള്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നാല് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നേരത്തെ എടുത്തുപറഞ്ഞിരുന്നു. വിവിധ വാക്‌സിനുകള്‍ രാജ്യത്തുണ്ടെങ്കിലും കോവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.