കഞ്ചാവു പൊതി ചായക്കടയിൽ വീണുപോയി, ഔഷധക്കൂട്ടാണെന്ന് പറഞ്ഞ് അന്വേഷിച്ചെത്തി; എക്സൈസിന്റെ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 07:44 AM |
Last Updated: 07th January 2021 07:44 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം; ചായക്കടയിൽ വീണു കിടക്കുന്ന പൊതി തുറന്നു നോക്കിയ നാട്ടുകാർ കണ്ടത് കഞ്ചാവ്. ഉടമയെ തിരയുന്നതിന് ഇടയിലാണ് തന്റെ ഔഷധക്കൂട്ട് അന്വേഷിച്ച് ഒരാളെത്തിയത്. പിന്നെ വൈകിയില്ല, നാട്ടുകാർ എക്സൈസിനെ വിളിച്ച് ആളെ കൈമാറി. മലപ്പുറം എടപ്പാൾ നെല്ലെശ്ശേരിയിൽ ഇന്നലെയാണ് സംഭവമുണ്ടായത്.
ചായക്കടയിൽ വീണുപോയ പൊതി അന്വേഷിച്ചെത്തിയ കുടക് സ്വദേശിയും നെല്ലിശ്ശേരിയിലെ താമസക്കാരനുമായ ഹംസയാണ് (48) എക്സൈസിന്റെ പിടിയിലായത്. കടയിൽ നിന്ന് വീണു കിട്ടിയത് കഞ്ചാവ് പൊതി ആണെന്ന് മനസിലാക്കിയ നാട്ടുകാർ ആളെ തിരയുന്ന സമയത്താണ് പൊതി തിരക്കി ഹംസ എത്തിയത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ നാട്ടുകാർ എക്സൈസിന് കൈമാറുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.