കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കാന്‍, കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നു ; വിമര്‍ശനങ്ങള്‍ വിടാതെ വായിച്ച് ഗവര്‍ണര്‍

സര്‍ക്കാരിന്റെ അഭിമാനകരമായ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു / എഎന്‍ഐ ചിത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു / എഎന്‍ഐ ചിത്രം

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശന ഭാഗങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കാനാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിയമം രൂപീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ് കര്‍ഷകരുടെ സമരമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. 

കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും. നിയമഭേദഗതി പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.  കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യം വിളകളെ ബാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്കും നയപ്രഖ്യാപനപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ അഭിമാനകരമായ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ഇത് പദ്ധതികളുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പൗരത്വ നിയമത്തിലും കേന്ദ്രസര്‍ക്കാരിനെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പൗരത്വ നിയമഭേദഗതി പാസ്സാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. 

കോവിഡ് കാലത്ത് 300 കോടിയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്നും 1500 രാപയായി വര്‍ധിപ്പിച്ചു. നൂറുദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് മുഴുവന്‍ സാമൂഹിക അടുക്കള തുടങ്ങാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചു വാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കോവിഡ് കാലത്ത് നിരവധി ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടിപള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com