ബജറ്റ് സമ്മേളനത്തിന് തുടക്കം ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 09:12 AM |
Last Updated: 08th January 2021 09:14 AM | A+A A- |

ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു / എഎന്‍ഐ ചിത്രം
തിരുവനന്തപുരം : കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമമ്ദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഭരണഘടനാപരമായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളെ ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിപ്പോയി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിയവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഇന്ന് മറ്റു നടപടികളുണ്ടാകില്ല. അന്തരിച്ച ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ്, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12,13,14 തീയതികളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.
15നാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുക. 18മുതല്‍ 20വരെ പൊതുചര്‍ച്ച നടക്കും. അന്തിമ ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21ന്. നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25ന് നടക്കും. സമ്മേളനം 28ന് അവസാനിക്കും.