കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; ഹൈക്കോടതി ഇടപെടൽ; മെഡിക്കൽ കോളജിലേക്ക് മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 09:55 PM |
Last Updated: 08th January 2021 09:55 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റതായി റിപ്പോർട്ട്. ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അന്വേഷണം നടന്നത്. ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.
ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ജയിലിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും ജയിൽ അധികൃതർ അനുവദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. കോടതി ജയിലധികൃതരെ കർശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലിൽ കഴിയുന്ന ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങൾ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു.
ഹർജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയിൽ പൊലീസ് സംരക്ഷണം നൽകാൻ നിർദേശം നൽകി. ജയിൽ അധികൃതർ സംരക്ഷണം നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ജയിൽ ഡിജിപിയോട് തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.