തിരുവല്ലയില്‍ പിജെ കുര്യന്‍; സഭാ നേതൃത്വത്തിന്റെ പച്ചക്കൊടി, പാര്‍ട്ടിയില്‍ ധാരണ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവും
പിജെ കുര്യന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം/ഫയല്‍
പിജെ കുര്യന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം/ഫയല്‍

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായതായാണ് സൂചന. മാര്‍ത്തോമാ സഭയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ കുര്യനെ സ്ഥാനാര്‍ഥിയാക്കുന്നതിന് സഭാനേതൃത്വവും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കുര്യന്‍ സഭാനേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയതായാണ് അറിയുന്നത്. നിലവില്‍ മാത്യു ടി തോമസ് ആണ് തിരുവല്ല എംഎല്‍എ. രണ്ടു മാര്‍ത്തോമാക്കാര്‍ തമ്മില്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം സഭാ നേതൃത്വം മുന്നോട്ടുവച്ചു. ഇതേ നിര്‍ദേശം ഇടതു മുന്നണി നേതൃത്വത്തിനും സഭാനേതൃത്വം കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍.

2006 മുതല്‍ മാത്യു ടി തോമസാണ് തിരുവല്ലയില്‍നിന്നുള്ള നിയമസഭാംഗം. ഇക്കുറി മാത്യു മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫില്‍ ആയിരുന്ന കാലത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ് തിരുവല്ല.  1991 മുതല്‍ കേരള കോണ്‍ഗ്രസിലെ ശക്തനായിരുന്ന മാമ്മന്‍ മത്തായിയും അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2003ല്‍ എലിസബത്ത് മാമ്മന്‍ മത്തായിയും തിരുവല്ലയുടെ പ്രതിനിധികളായി. 2006ല്‍ കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസിനെ തോല്‍പ്പിച്ചാണ് മാത്യു ടി മണ്ഡലം പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് എം പുതുശ്ശേരിയായിരുന്നു എതിരാളി. മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തില്‍ തിരുവല്ല അവര്‍ക്കു നല്‍കാന്‍ ഇടയുണ്ടെന്നാണ് സൂചനകള്‍. ഇതോടെ രണ്ടു മാര്‍ത്തോമാ വിഭാഗക്കാര്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാകുമെന്നത് അനുകൂല ഘടകമായി കുര്യനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന് കാലാവധി പൂര്‍ത്തായയതിനെത്തുടര്‍ന്ന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിനുള്ള അനുനയ പാക്കേജിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് അവര്‍ക്കു നല്‍കിയപ്പോള്‍ കുര്യന്‍ പുറത്തായി. ഇതിനെതിരെ കുര്യന്‍ പരസ്യ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ കലഹത്തിലേക്കു നീങ്ങിയില്ല. 1980 മുതല്‍ 1999 വരെ തുടര്‍ച്ചയായി ആറു ലോക്‌സഭകളില്‍ അംഗമായിരുന്ന കുര്യന്‍ 2005ലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കുര്യനു വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ കഴിഞ്ഞ തവണ പാര്‍ട്ടിയിലെ യുവാക്കള്‍ രംഗത്തുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com