സക്കീര്‍ ഹുസൈനെ സിപിഎമ്മില്‍ തിരിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:10 AM |
Last Updated: 08th January 2021 08:10 AM | A+A A- |

സക്കീര്‍ ഹുസൈന്‍ / ഫയല്‍ ചിത്രം
കൊച്ചി : സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്ന കളമശ്ശേരി ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് സിപിഎം നേതാക്കള്‍ സൂചിപ്പിച്ചു. പാര്‍ട്ടി അംഗം എന്ന നിലയിലാണ് തിരിച്ചെടുത്തത്. ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്നതില്‍ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി കളമശ്ശേരി ഏരിയ സെക്രട്ടറി ആയിരിക്കെയാണ് അച്ചടക്ക നടപടി എടുത്തത്.
അനധികൃത സ്വത്ത് സമ്പാദനം അടക്കം സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.
രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്. വിദേശത്ത് പോയത് പാര്‍ട്ടിയോട് വെളിപ്പെടുത്തിയിട്ടില്ലെന്നും സിഎം ദിനേശ് മണി അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സക്കീര്‍ ഹുസൈനെതിരെ കൂടുതല്‍ കടുത്ത നടപടി വേണമെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് വ്യവസായിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണവും സക്കീര്‍ ഹുസൈനെതിരെ നേരത്തെ ഉയര്‍ന്നു വന്നിരുന്നു.