പന്നികളുടെ കരച്ചിൽ കേട്ട് പോത്തുകൾ ഓടി, അങ്കമാലി ടൗണിൽ 'ജല്ലിക്കട്ട്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:17 AM |
Last Updated: 08th January 2021 08:17 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി; അങ്കമാലി ടൗണിനെ മണിക്കൂറുകളോളെ പരിഭ്രാന്തിയിലാക്കി പോത്തുകളുടെ ഓട്ടം. അറവുശാലയിലേക്കു കൊണ്ടുവന്ന പോത്തുകളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ഓടിയത്. പന്നികളുടെ കരച്ചിൽ കേട്ടാണ് രണ്ട് പോത്തുകൾ ഓടിയത്. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണു അപകടഭീതി ഒഴിഞ്ഞത്.
ഇന്നലെ ഒരു മണിയോടു കൂടിയായിരുന്നു സംഭവം. പോത്തുകൾ ഓടിയതോടെ നാട്ടുകാർ രക്ഷപ്രവർത്തനവുമായി എത്തി. കഴുത്തിൽ കയർ ഉണ്ടായിരുന്ന പോത്തിനെ അധികദൂരം ഓടുന്നതിനു മുൻപേ പിടികൂടി. എന്നാൽ കഴുത്തിൽ കയറില്ലാത്ത പോത്ത് ദേശീയപാത കുറുകെ കടന്നു പിഡബ്ല്യുഡി ഓഫിസിന്റെ പറമ്പിൽ കയറുകയായിരുന്നു.
പോത്ത് പുറത്തേക്കു കടക്കാതിരിക്കാൻ ഗേറ്റ് അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥർ മുകളിലെ നിലയിലേക്കു കയറി രക്ഷപെട്ടു. എരുമയെ കൊണ്ടുവന്നു പോത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവിൽ 2.15 ആയപ്പോൾ 4 പേർ ചേർന്നു ബലപ്രയോഗത്തിലൂടെ പോത്തിന്റെ കഴുത്തിൽ കുരുക്കിട്ടു പിടിച്ചു.