പുതുമുഖങ്ങളെ അണിനിരത്താന്‍ സിപിഐ; മന്ത്രിമാരെ ഒഴിവാക്കിയേക്കും ; യുവാക്കള്‍ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2021 07:32 AM  |  

Last Updated: 09th January 2021 07:32 AM  |   A+A-   |  

cpi

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്ത് ചൂടുപിടിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാര്‍ ആരും മല്‍സരിച്ചേക്കില്ല. രണ്ടുതവണ വിജയിച്ചവര്‍ മത്സരിക്കേണ്ടെന്ന പൊതുനയം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റ് ലഭിക്കില്ല. 

കൂടാതെ എംഎല്‍എമാരായ സി ദിവാകരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍, ജി എസ് ജയലാല്‍, ഇ കെ വിജയന്‍, ഗീതാ ഗോപി, ചിറ്റയം ഗോപകുമാര്‍, വി ശശി എന്നിവരും ഒഴിവാക്കപ്പെട്ടേക്കും. കഴിഞ്ഞ തവണ രണ്ടു ടേം നിബന്ധനയില്‍ സി ദിവാകരന്‍, വി എസ് സുനില്‍ കുമാര്‍, മുല്ലക്കര രത്‌നാകരന്‍, ബിജിമോള്‍ എന്നിവര്‍ക്ക് ഇളവ്  നല്‍കിയിരുന്നു. 

ജയസാധ്യതയും സീനിയോറിറ്റിയും പരിഗണിച്ച് ഈ നിബന്ധനയില്‍ ഇളവ് അനുവദിക്കാറുണ്ട്. മറ്റുമന്ത്രിമാര്‍ എംഎല്‍എയായി മൂന്ന് ടേം കഴിഞ്ഞവരായതിനാല്‍ രണ്ട് ടേം മാത്രമിരുന്ന ഇ ചന്ദ്രശേഖരന് ഒരവസരംകൂടി ലഭിച്ചേക്കാം. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മല്‍സരരംഗത്തു നിന്നും മാറിയാല്‍ പുതുമുഖങ്ങള്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിക്കും. 

യുവജനനേതാക്കള്‍ക്കായിരിക്കും മുന്തിയ പരിഗണന നല്‍കുക. എഐഎസ്എഫ്., എഐവൈഎഫ് നേതാക്കളായിരുന്ന ശുഭേഷ് സുധാകര്‍, ജിസ്‌മോന്‍, മഹേഷ് കക്കത്ത് തുടങ്ങിയവര്‍ക്ക് സാധ്യതയുണ്ട്. പി പ്രസാദ്, ചിഞ്ചുറാണി, പി വസന്തം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നു. ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ജില്ലാ കൗണ്‍സിലുകളില്‍നിന്ന് പട്ടിക വാങ്ങിയാകും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുക.