'ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങനെയാണ് ചെയ്യുക എന്നു പഠിപ്പിക്കുകയാണെന്നാണോ കരുതിയത്?'; കുറിപ്പ് 

'ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങനെയാണ് ചെയ്യുക എന്നു പഠിപ്പിക്കുകയാണെന്നാണോ കരുതിയത്?'; കുറിപ്പ് 
ദുരനുഭവം നേരിട്ട അപര്‍ണ/ ഫേയ്സ്ബുക്ക് വിഡിയോ സ്ക്രീൻഷോട്ട്
ദുരനുഭവം നേരിട്ട അപര്‍ണ/ ഫേയ്സ്ബുക്ക് വിഡിയോ സ്ക്രീൻഷോട്ട്


കൊച്ചിയില്‍ സ്‌കൂട്ടറില്‍ ലിഫ്റ്റ് കൊടുത്ത സ്‌കൂള്‍ വിദ്യാര്‍ഥിയില്‍നിന്നുണ്ടായ ദുരനുഭവം യുവതി സാമൂഹ്യ മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. വലിയ ചര്‍ച്ചയാണ് ഇത് ഉയര്‍ത്തിവിട്ടത്. ഈ പശ്ചാത്തലത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചു ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സുരേഷ് സി പിള്ള ഈ കുറിപ്പില്‍. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്നും അതിനെക്കുറിച്ചുള്ള തെറ്റായ ധാരണ കൊണ്ടാണ് പലരും എതിര്‍ക്കുന്നതെന്നും വിശദീകരിക്കുന്ന കുറിപ്പ് ചുവടെ: 

ഇന്നലെ കൊച്ചിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്ക് പതിനാലു  വയസ്സുകാരനില്‍ ഉണ്ടായ ദുരനുഭവം, പാതി വെന്ത ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. 
വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.  
എന്തൊക്കെ ചെയ്യാം, എന്നതുപോലെ തന്നെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് എന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. 

കുട്ടികള്‍  തനിയെ എല്ലാം എങ്ങിനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പല അധ്യാപകര്‍ക്കും.
ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത് എന്ന് ധരിച്ചാണ് ഇതിനെ പല മാതാപിതാക്കളും  ഇതിനെ  നഖശിഖാന്തം എതിര്‍ക്കുന്നത്.
എന്താണ് ലൈംഗിക വിദ്യാഭ്യാസം?

കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവല്‍ക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. കൂടാതെ, എന്തൊക്കെ ചെയ്യരുത് എന്നതും, വൈകാരിയകമായ പക്വത നേടുന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്.    അല്പജ്ഞാനികളില്‍ നിന്നും കിട്ടിയ അബദ്ധ ധാരണകള്‍ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള് മാറ്റാനും ഇതു കൊണ്ട് സാധ്യമാകും.

ജീവശാസ്ത്രപരമായ അറിവു മാത്രമല്ല മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിര്‍ബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.

ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?
തീര്‍ച്ചയായും അങ്ങിനെയാണ് വേണ്ടത്. െ്രെപമറി സ്‌കൂളില്‍ പോകുന്ന കുട്ടിയോട് 'മോന്റെ/മോളുടെ െ്രെപവറ്റ് പാര്‍ട്ടുകളില്‍ ആരും തൊടാന്‍ സമ്മതിക്കരുത്' എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവര്‍ക്ക് ഓരോ സ്‌റ്റേജിലും ആവശ്യമുള്ള കാര്യങ്ങള്‍ മടി കൂടാതെ പറഞ്ഞു കൊടുക്കണം. കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതും, സമ്മതം (consent) എന്നാല്‍ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്. ലൈംഗിക അതിക്രമം എന്താണ്; അതില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ. കൂടാതെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് വൈകാരികമായ പക്വത എങ്ങിനെ കൈവരിക്കാം എന്നതും ലൈംഗിക വിദ്യഭ്യാസത്തിന്റെ ഭാഗമാണ്. 

വേറൊരു കാര്യം ചെറുപ്പത്തിലേ ആണ്‍കുട്ടിയെയും, പെണ്‍കുട്ടിയെയും വേറെ വേറെ മാറ്റി ഇരുത്തി പഠിപ്പിക്കുന്നതാണ്. കുട്ടികളെ ചെറുപ്പത്തിലേ ക്ലാസ്സുകളില്‍ ഇടകലര്‍ത്തി ഇരുത്തി പരസ്പരം അറിയാനുള്ള അവസരം ഉണ്ടാക്കണം. ബോയ്‌സ്/ ഗേള്‍സ്  ഒണ്‍ലി സ്‌കൂളുകളും സ്ത്രീകളെ കാണുമ്പോള്‍ അത്ഭുത ലോകത്തു നിന്നും വരുന്നവരെ പോലെ നോക്കുന്ന ഋഷ്വശൃങ്ഗന്‍ മാരെ സൃഷ്ടിക്കാനേ ഉതകുകയുള്ളൂ. ആകുട്ടികളും, പെണ്‍കുട്ടികളും പരസ്പരം അറിഞ്ഞു, കഥകള്‍ പറഞ്ഞു, പരസ്പരം കരുണാര്‍ദ്രമായ സമീപനത്തോടെ ജീവിച്ചാലേ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറയുകയുള്ളൂ. ലേബര്‍ പാര്‍ട്ടിയുടെ വക്താവായ റിയോഓര്‍ഡന്‍, അയര്‍ലഡിലെ പാര്‍ലമെന്റില്‍ ഈ അടുത്ത കാലത്തു പറഞ്ഞ കാര്യം 'സിംഗിള്‍ ജന്‍ഡര്‍' സ്‌കൂളുകള്‍ ആണ്, ഭാവിയില്‍ വീടുകളിലെ അതിക്രമങ്ങളില്‍ (ഡൊമസ്റ്റിക് വിയലന്‍സ്) ഒരു കാരണമായി ഭവിക്കുന്നത് എന്നാണ്.  അദ്ദേഹം പറഞ്ഞത്  'സിംഗിള്‍ ജന്‍ഡര്‍'  സ്‌കൂളുകള്‍ കുട്ടികളില്‍ ഒരു toxic masculintiy (വിഷലിപ്തമായ പുരുഷത്വ ഭാവം) ഉണ്ടാക്കുകയും അത് അവരുടെ സ്വഭാവ രൂപവല്‍ക്കരണത്തില്‍ ബാധിക്കുകയും ചെയ്യും എന്നത്. 
ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല   ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ചെറുപ്പത്തിലേ പരസ്പരം അടുത്തിടപഴകുന്നതും, അറിയുന്നതും വൈകാരികമായ പക്വത നേടിയെടുക്കാന്‍ രണ്ടു കൂട്ടരെയും സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com