ആ 'യൂറോപ്യന്‍' പാര്‍ക്ക്;  ഇങ്ങനെയായിരുന്നു അവിടം

ആ 'യൂറോപ്യന്‍' പാര്‍ക്ക്;  ഇങ്ങനെയായിരുന്നു അവിടം
വാഗ്ഭടാനന്ദ പാര്‍ക്ക്/ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കുവച്ച ചിത്രങ്ങള്‍
വാഗ്ഭടാനന്ദ പാര്‍ക്ക്/ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കുവച്ച ചിത്രങ്ങള്‍

കോഴിക്കോട്: വടകരയ്ക്കു സമീപം കാരക്കാട് കഴിഞ്ഞ ദിവസം തുറന്ന വാഗ്ഭടാനന്ദ പാര്‍ക്കിനു വലിയ കൈയടിയാണ് സൈബര്‍ ലോകത്തും പുറത്തും ലഭിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ഈ പാര്‍ക്കിന്റെ ചിത്രത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. യൂറോപ്യന്‍ തെരുവ് എന്നു തോന്നിപ്പിക്കുന്ന ഈ പാര്‍ക്ക് കണ്ടപ്പോള്‍ പലരും ഉന്നയിച്ച ചോദ്യമാണ്, മുമ്പ് ഇത് എങ്ങനെയിരുന്നു എന്നത്. പാര്‍ക്ക് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ പഴയ ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ആ മാറ്റം വിശദീകരിക്കുകയാണ്. 

വടകരയില്‍ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാര്‍ക്കിനെ പറ്റി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് മന്ത്രി പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ക്ക് എന്ന് ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും പലരും അഭിപ്രായപ്പെട്ടു. അവര്‍ക്കൊക്കെ ഈ റോഡിന്റെ പഴയ ചിത്രങ്ങള്‍ കാണണമെന്നായിരുന്നു ആഗ്രഹം. ഒഞ്ചിയത്തെ നാദാപുരം റോഡ് റെയില്‍വേ സ്‌റേഷന്‍ മുതല്‍ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത്.

വെറുമൊരു തെരുവീഥി നവീകരണം എന്നതിലുപരിയായി ഒരു 'ഹാപ്പനിംഗ് പ്ലേസ്' എന്ന ആശയത്തില്‍ ഊന്നിയാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഓപ്പണ്‍ സ്‌റ്റേജ്, ബാഡ്മിന്റന്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാമുള്ള ഇവിടെ വഴിയോരവിശ്രമകൂടാരങ്ങളും ആല്‍ച്ചുവടുകള്‍ പോലെയുള്ള ഇടങ്ങളില്‍ കൂട്ടായി ഇരിക്കാനുള്ള സീറ്റിങ് കോര്‍ണറുകളും ധാരാളം ഇരിപ്പിടങ്ങളും ഭിന്നശേഷിക്കാര്‍ക്കടക്കമുള്ള ടോയ്‌ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. റോഡില്‍ നേരത്തേ തന്നെയുള്ള മത്സ്യമാര്‍ക്കറ്റും ബസ് സ്‌റ്റോപ്പും കിണറുമെല്ലാം പാര്‍ക്കിന്റെ രൂപകല്പനയ്‌ക്കൊത്തു നവീകരിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 

ഡിസൈനിങ്ങിന്റെ തുടക്കം മുതല്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങളും അവരുടെ നിര്‍ദേശങ്ങളും പൂര്‍ണമായി പരിഗണിച്ചു കൊണ്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്.


പാര്‍ക്കിന്റെ പ്രവര്‍ത്തനം ഗതാഗതത്തെയും ഗതാഗതം പൊതുവിടമെന്ന നിലയിലുള്ള പാര്‍ക്കിന്റെ സ്വച്ഛതയെയും ബാധിക്കാതിരിക്കാനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനവേഗം നിയന്ത്രിക്കാന്‍ നിശ്ചിത അകലത്തില്‍ ടേബിള്‍ ടോപ് ഹമ്പുകള്‍, ഇരുവശത്തും നടപ്പാത, നടപ്പാതയെ വേര്‍തിരിക്കാന്‍ ഭംഗിയുള്ള ബൊല്ലാര്‍ഡുകള്‍, നടപ്പാതയില്‍ ഉയര്‍ച്ചതാഴ്ചകള്‍ പരിഹരിച്ച് വീല്‍ ചെയറുകളും മറ്റും പോകാന്‍ സഹായിക്കുന്ന ഡ്രോപ് കേര്‍ബുകള്‍, കാഴ്ചാവൈകല്യമുള്ളവര്‍ക്കു നടപ്പാത തിരിച്ചറിയാന്‍ സഹായിക്കുന്ന ടാക്‌റ്റൈല്‍ ടൈലുകള്‍ തുടങ്ങിയ ആധുനിക ക്രമീകരണങ്ങളെല്ലാം പാര്‍ക്കിനെ ഭിന്നശേഷീ സൗഹൃദവും സുരക്ഷിതവുമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com